Spread the love
ജില്ലാ ആശുപത്രിയിലെ ഒപി ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കുറച്ചത് രോഗികളെ വലക്കുന്നു

പെരിന്തൽമണ്ണ: തിരക്കേറിയ ജില്ലാ ആശുപത്രിയിൽ ഒ.പി. ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചത് രോഗികളെ പ്രയാസത്തിലാക്കുന്നു. മൂന്ന് കൗണ്ടറുകളിൽ ഒന്നാണ് അടഞ്ഞു കിടക്കുന്നത്. പകർച്ചപ്പനിയടക്കമുള്ള രോഗങ്ങൾ ബാധിച്ചവർ കൂടുതലായി എത്തുന്ന സമയത്താണ് കൗണ്ടർ കുറഞ്ഞത്. അസുഖങ്ങളാൽ അവശരായവരടക്കം ഇതിനാൽ ഏറെനേരം വരിനിൽക്കേണ്ടിവരുന്നു.

ഒന്നാമത്തെ കൗണ്ടറാണ് അടഞ്ഞു കിടക്കുന്നത്. ഈ കൗണ്ടറിന് സമീപം കഫ് കോർണർ എന്ന് എഴുതി വെച്ചിട്ടുമുണ്ട്. ചില ഒ.പി.കൾക്ക് മാത്രമേ സ്‌ക്രീൻ ടോക്കൺ ഉള്ളൂ. മറ്റുള്ളവയിലെല്ലാം വരി നിന്ന് ഒ.പി. ടിക്കറ്റ് എടുക്കണം. പെരിന്തൽമണ്ണ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്കു പുറമേ പാലക്കാട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ളവരടക്കം ഇവിടെ ചികിത്സ തേടുന്നുണ്ട്.

ആയിരത്തോളംപേർ നിത്യേനയെത്തുന്ന ആശുപത്രിയിൽ അധികവും പനിയുമായി ചികിത്സയ്ക്ക് എത്തുന്നവരാണ്. ഫാർമസിയിൽ മരുന്നുകളുടെ കുറവ് ഏറെനേരം വരിനിന്ന് മരുന്നുവാങ്ങാനെത്തുന്നവർക്ക് കൂടുതൽ പ്രയാസമുണ്ടാക്കുന്നുണ്ട്. അവധിയിൽപ്പോയ ആശുപത്രി സൂപ്രണ്ടിന് പകരം ചുമതലയിൽ ആളില്ലാതെയായിട്ടും ആഴ്‌ചയിലേറെയായി. ചുമതല ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്ക് ഓഫീസിലെത്തുന്നവരും മടങ്ങുകയാണ്.

ആശുപത്രി പരിപാലന സമിതിയംഗങ്ങളുടെയും താലൂക്ക് വികസനസമിതിയിലെയും പ്രതിഷേധങ്ങളെത്തുടർന്ന് ആശുപത്രിയിലെ പ്രശ്‌നങ്ങളിൽ കളക്ടർ ഇടപെട്ടിരുന്നു. കളക്ടറുടെ നിർദേശപ്രകാരം ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രി സന്ദർശിക്കുകയും പരിപാലനസമിതി യോഗം ചേരുകയുംചെയ്തു. ജീവനക്കാരെ അടിയന്തരമായി നിയമിക്കാനും പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണാനും തീരുമാനിച്ചു. ജോലിക്രമീകരണ വ്യവസ്ഥയിൽ രണ്ടു നഴ്‌സുമാരെ നിയമിച്ചെങ്കിലും ഇതുവരെയും ഇവർ ജോലിക്കെത്തിയിട്ടില്ല. എൻ.എച്ച്.എം. വഴി മൂന്ന് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കാനുള്ള തീരുമാനവും നടപ്പായിട്ടില്ല.

Leave a Reply