Spread the love
ഗാന്ധിജിക്കെതിരായ പരാമർശം; ഹിന്ദുമത പുരോഹിതൻ കാളീചരൺ മഹാരാജ് അറസ്റ്റിൽ

റായ്പൂർ: ഗാന്ധിജിയെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയ ഹിന്ദുമത നേതാവ് കാളീചരൺ മഹാരാജിനെ മധ്യപ്രദേശിൽ നിന്ന് ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഛത്തീസ്ഗഡിലേക്ക് കൊണ്ടുവരികയാണെന്നും കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. “മധ്യപ്രദേശിലെ ഖജുരാഹോയിൽ നിന്ന് 25 കിലോമീറ്റർ അകലെ നിന്നാണ് ഞങ്ങൾ അയാളെ കണ്ടെത്തിയത്. ബാഗേശ്വര് ഡാമിന് സമീപം വാടകയ്ക്ക് മുറിയെടുത്ത് താമസിക്കുകയായിരുന്നു. പുലർച്ചെ നാല് മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. ഇപ്പോൾ റായ്പൂരിലേക്ക് കൊണ്ടുവരികയാണ്, ഇവിടെ വൈകുന്നേരത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു,” റായ്പൂർ പൊലീസ് സൂപ്രണ്ട് പ്രശാന്ത് അഗർവാൾ പറഞ്ഞു.

ഡിസംബർ 25-26 തീയതികളിൽ റായ്പൂരിൽ സംഘടിപ്പിച്ച ‘ധരം സൻസദ്’ എന്ന പരിപാടിയിൽ അതിഥിയായെത്തിയ കാളീചരൺ, മഹാത്മ ഗാന്ധിയെ അധിക്ഷേപിക്കുകയും അദ്ദേഹത്തെ കൊലപ്പെടുത്തിയതിന് നാഥുറാം ഗോഡ്‌സെയെ പ്രശംസിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് നേതാവ് പ്രമോദ് ദുബെയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 505(2), 294 എന്നിവ പ്രകാരം പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തു.

Leave a Reply