Spread the love

മഞ്ഞുമ്മൽ ബോയ്സിനു ശേഷം ഹിറ്റടിക്കാനുള്ള അടുത്ത സർവൈവർ ത്രില്ലറോ? എന്ന ചർച്ചയിലൂടെ ഇതിനോടകം മലയാളികളുടെ വെയ്റ്റിംഗ് ലിസ്റ്റിലുള്ള പടമാണ് സിക്കാഡ. ആഗസ്റ്റ് 9ന് ഇറങ്ങാനിരിക്കുന്ന ചിത്രത്തിന് സിനിമാപ്രേമികൾ ഇത്രയധികം കട്ട വെയിറ്റിംഗ് കൊടുക്കാൻ ഒന്നിലധികം കാരണങ്ങളുണ്ട്.

‘നെഞ്ചോട് ചേര്‍ത്ത് പാട്ടൊന്നു പാടാം’ എന്ന നിവിൻ പോളിയും നസ്രിയയും ഒരുമിച്ച് അഭിനയിച്ച് ഹിറ്റ് ആക്കിയ പാട്ടിലൂടെ മലയാളി മനസ്സിലേക്ക് കയറി വന്ന്, പിന്നീടങ്ങോട്ട് ഹിറ്റോട് ഹിറ്റടിച്ച സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന ആദ്യമായി സിനിമാ സംവിധാനം നിർവഹിക്കുന്നു എന്നതാണ് ഏറ്റവും ആദ്യത്തെ പ്രത്യേകത. ഗോൾ എന്ന കന്നി ചിത്രത്തിൽ കസറി പിന്നീടങ്ങോട്ട് റൊമാന്റിക് ഹീറോയായി തിളങ്ങിയ രജിത് പത്തു വർഷങ്ങൾക്കുശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ലൂസിഫർ എന്ന ചിത്രത്തിൽ ലാലേട്ടന്റെ തോളോട് ചേർന്ന് നടന്ന, കടുവയിൽ പൃഥ്വിരാജ് തൂക്കിയെറിയുന്ന, സ്ഥിരം ഗുണ്ടാ റോളുകളിൽ കണ്ടു പരിചയമുള്ള നടൻ ജെയ്‌സ് ജോസ് പതിവ് റോളുകളിൽ നിന്ന് വ്യത്യസ്തമായി പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നു എന്നതാണ് ആകാംക്ഷ ഉണത്തുന്ന മറ്റൊരു പ്രത്യേകത.

ചിത്രത്തിന്റെ പേരിലെ വ്യത്യസ്തതയും സിനിമാ നിരൂപകർ എടുത്തുപറയുന്നുണ്ട്. ഇന്റർനെറ്റ് ചരിത്രത്തിലെ ഇനിയും ചുരുളഴിയാത്ത അപൂർവ രഹസ്യമായ സിക്കാഡ 3301മായി ചിത്രത്തിന് എന്തെങ്കിലും ബന്ധം ഉണ്ടാകുമോ എന്നാണ് കാത്തിരിപ്പിനിടയിൽ പ്രേക്ഷകർ ചോദിക്കുന്നത്. എന്തായാലും ട്രെയിലറും ചിത്രത്തിന്റെതായി ഇറങ്ങിയ പാട്ടുകളും ചില്ലറ പ്രതീക്ഷയൊന്നുമല്ല ആളുകളിൽ നിറച്ചിട്ടുള്ളത്. ഒരു സർവ്വൈവർ ത്രില്ലറിന്റേതായ സകല ഗുണഗണങ്ങളും ചിത്രത്തിന് ഉണ്ടെങ്കിലും ഇതിവൃത്തം എന്തെന്നത് ഇനിയും വ്യക്തമാക്കിയിട്ടില്ല അണിയറക്കാർ. എന്തായാലും ആഗസ്റ്റ് 9ന് തിയേറ്ററിൽ കാണാമെന്ന കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ.

ആഗസ്റ്റ് 9ന് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലൊരുക്കിയ ചിത്രം തിയറ്ററുകളിലെത്തും. തീര്‍ണ ഫിലിംസ് ആന്റ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗായത്രി മയൂരയാണ് നായിക. ചിത്രത്തിന്റെ രചനയും നാലു ഭാഷകളിലുമുള്ള വ്യത്യസ്ത ഗാനങ്ങളുമെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത് സംവിധായകൻ ശ്രീജിത്ത് തന്നെയാണ്.

പ്രമുഖതാരങ്ങള്‍ അണിനിരക്കുന്ന സിക്കാഡയുടെ ഛായാഗ്രഹണം നവീന്‍ രാജ് ആണ് നിര്‍വഹിക്കുന്നത്. എഡിറ്റിംങ്: ഷൈജിത്ത് കുമരൻ, ഗാനരചന: വിവേക് മുഴക്കുന്ന്, നവീൻ കണ്ണൻ, രവിതേജ തുടങ്ങിയവരാണ് നിർവഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി, കലാസംവിധാനം ഉണ്ണി എല്‍ദോ, ഓഡിയോഗ്രാഫി ആഡ് ലിന്‍ (എസ്. എ സ്റ്റുഡിയോ),ശബ്ദമിശ്രണം ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോഎസ്.എ. സ്റ്റുഡിയോ, പിആർഒ എ. സ് ദിനേശൻ, പ്രമോഷൻ& മാർക്കറ്റിംഗ്: മൂവി ഗാങ്, കളറിസ്റ്റ് സെൽവിൻ വർഗീസ്, വിഎഫ്എക്സ് സൂപ്പർവൈസർ അമൽ ഗണേഷ്, ഷൈമോൻ. സൗണ്ട് എഡിറ്റിങ് : സുജിത് സുരേന്ദ്രന്‍. ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍,പ്രവീണ്‍ രവീന്ദ്രന്‍ എന്നിവരാണ് കോപ്രൊഡ്യൂസഴ്‌സ്. എസ്.എഫ്.എക്സ്: ടി.പി പുരുഷോത്തമൻ, പോസ്റ്റർ:മഡ്ഹൗസ്. ലൈൻ പ്രൊഡ്യൂസേഴ്സ്: ദീപക് വേണുഗോപാൽ അനീഷ് അട്ടപ്പാടി പ്രജിത് നമ്പ്യാർ തുടങ്ങിയവരാണ്.

Leave a Reply