തിരുവനന്തപുരം∙ രാജിസന്നദ്ധത തള്ളി കെപിസിസി പ്രസിഡന്റിന്റെ പിന്നിൽ ഒന്നിച്ച് അണിനിരക്കുകയാണു കോൺഗ്രസ്. സ്ഥാനമൊഴിയുന്ന കാര്യം ആലോചിക്കുമെന്ന കെ. സുധാകരന്റെ പ്രതികരണം കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. ഇതോടെ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സുധാകരനെ ബന്ധപ്പെട്ടു.
ഒഴിഞ്ഞു പോകാനുള്ള സമയമല്ല ഇതെന്നും നേരിടാനുള്ളതാണെന്നുമുള്ള കേരള–കേന്ദ്ര നേതാക്കളുടെ നിർദേശം സുധാകരൻ അംഗീകരിക്കുകയും ചെയ്തു.പാർട്ടിയെ ആകെ തന്റെ പിന്നിൽ അണിനിരത്താനുള്ള സമർഥമായ നീക്കമാണോ സുധാകരൻ നടത്തിയതെന്നു സംശയിക്കുന്നവരുണ്ട്.
എന്നാൽ തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് അറസ്റ്റിലാകുന്നതു പാർട്ടിയെ എങ്ങനെ ബാധിക്കുമെന്ന അലട്ടൽ അദ്ദേഹത്തിനുണ്ടായി എന്നാണ് അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. താൻ മൂലം പാർട്ടി പ്രതിസന്ധിയിലാണെന്ന വിചാരം ആർക്കെങ്കിലും ഉണ്ടെങ്കിൽ അവരെക്കൂടി മാനിക്കുന്നു എന്ന സന്ദേശം അദ്ദേഹം നൽകി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടുള്ള ആ പ്രതികരണത്തിനു മുൻപായി നേതൃനിരയിലെ ആരുമായും സുധാകരൻ ഇക്കാര്യം ചർച്ച ചെയ്തിരുന്നില്ല.
പാർട്ടി ഒറ്റക്കെട്ടായി രാജി സന്നദ്ധത നിരാകരിച്ചതിനാൽ അടഞ്ഞ അധ്യായമായി എന്നു തന്നെയാണു സുധാകരൻ പിന്നീടു വ്യക്തമാക്കിയത്. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിനെതിരെ ഹൈക്കോടതിയെ എത്രയും വേഗം സമീപിക്കാനാണ് ആലോചന. ക്രൈംബ്രാഞ്ച് നിഗമനങ്ങൾ കോടതിയിൽ നിലനിൽക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹം.
ചോദ്യം ചെയ്യലിൽ, മോൻസൻ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സുധാകരനു നേരിടേണ്ടി വന്നു. അതോടെ അദ്ദേഹം ഉദ്യോഗസ്ഥരോടു പൊട്ടിത്തെറിച്ചു. തന്നെ വിളിപ്പിച്ചതു തട്ടിപ്പു കേസിലാണോ പോക്സോ കേസിലാണോ എന്ന് പലവട്ടം തിരിച്ചുചോദിച്ചു. പോക്സോ കേസിലും സുധാകരനെ കുടുക്കാനുള്ള നീക്കം സർക്കാരും ക്രൈംബ്രാഞ്ചും അവസാനിപ്പിച്ചിട്ടില്ലെന്ന സൂചനയാണ് ഇതു നൽകുന്നത്. മുഖ്യമന്ത്രിക്കു മുന്നിൽ അദ്ദേഹത്തിനെതിരെ മറ്റൊരു പരാതി ഉണ്ടെന്നും വിവരമുണ്ട്.
കേസിൽ കുടുക്കാൻ നോക്കുന്നത് കെപിസിസി പ്രസിഡന്റിനെത്തന്നെ ആയതിനാൽ ഇതു കോൺഗ്രസിനെതിരെയുള്ള നീക്കമായാണു നേതൃത്വം വിലയിരുത്തുന്നത്. പ്രസിഡന്റിനെ ദുർബലപ്പെടുത്തുന്ന ഒരു നടപടിയും പാടില്ലെന്ന നിർദേശം എ ഗ്രൂപ്പും നേതാക്കൾക്കു കൈമാറി.
നേരിടേണ്ടി വരുന്ന അഴിമതി ആരോപണങ്ങൾക്കു മറുപടി പറയുന്നതിനു പകരം പ്രതിപക്ഷത്തെ കടന്നാക്രമിക്കാനുള്ള ആയുധം പൊലീസിനെ ഉപയോഗിച്ചു സൃഷ്ടിക്കുകയാണെന്ന പ്രചാരണവുമായി മുന്നോട്ടു പോകും. ഇന്നലെ ആരംഭിച്ച പ്രതിഷേധം വരും ദിവസങ്ങളിൽ ശക്തമാക്കണമെന്ന വികാരവും പാർട്ടിയിലുണ്ട്. രാഷ്ട്രീയകാര്യസമിതിയും യുഡിഎഫും ചേരണമെന്ന അഭിപ്രായം ചില നേതാക്കൾ പങ്കുവച്ചെങ്കിലും തീരുമാനമായിട്ടില്ല.
രാഷ്ട്രീയ വൈരത്തിന്റെ പേരിലുള്ള കേസ് എന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം പൊളിയാൻ പോകുന്നുവെന്ന മുന്നറിയിപ്പാണ് സിപിഎം കേന്ദ്രങ്ങൾ നൽകുന്നത്.