Spread the love

കോവിഡ് വാക്സീനെടുത്ത യുവതി തലച്ചോറിലേക്ക് രക്തയോട്ടം നിലച്ച് ഗുരുതരാവസ്ഥയിലെന്ന പരാതിയുമായി ബന്ധുക്കൾ.


പത്തനംതിട്ട : കോവിഡ് വാക്സീനെടുത്തതിനു പിന്നാലെ തലച്ചോറിലേക്ക് രക്തയോട്ടം നിലച്ച് നാരാങ്ങാനം സ്വദേശി യുവതി ഗുരുതരാവസ്ഥയിലായെന്നു പരാതി. നാരങ്ങാനം നെടുമ്പാറ പുതുപ്പറമ്പിൽ ദിവ്യ ആർ.നായരാണ് അപകടനിലയിൽ കഴിയുന്നത്. ദിവ്യയുടെ ഭർത്താവ് ജിനു ജി.കുമാർ കലക്ടർക്ക് ഇതു സംബന്ധിച്ചു പരാതി നൽകി.പരാതി തുടരന്വേഷണത്തിനായി ജില്ലാ മെഡിക്കൽ ഓഫിസർക്കു കൈമാറി. രണ്ടാഴ്ച മുൻപാണ് ദിവ്യ വാക്സീൻ സ്വീകരിച്ചത്. ഇതിനു പിന്നാലെ തലവേദന വന്നു. മറ്റു ശാരീരിക അവശതകൾ ഇല്ലായിരുന്നു. തലവേദന മാറാതിരുന്നതിനെ തുടർന്ന് ഈ 14ന് കോഴ‍ഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഇവിടെ വച്ച് മസ്തിഷ്കാഘാതമുണ്ടായി. തുടർന്ന് എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിലേക്കു മാറ്റി.ഇവിടെ ദിവ്യയുടെ തലച്ചോറിൽ 2 തവണ സർജറി ചെയ്തു രക്തക്കുഴലിലെ തടസ്സം മാറ്റിയെങ്കിലും പിന്നാലെ രക്തസ്രാവം ഉണ്ടായി.  തലച്ചോറിന്റെ പ്രവർത്തനം ഒരു ശതമാനമേയുള്ളെന്ന് ഡോക്ടർമാർ അറിയിച്ചു.
ദിവ്യ ഇപ്പോൾ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ജോലി സംബന്ധമായി വിദേശത്തായിരുന്ന ഭർത്താവ് ദിവ്യയുടെ അസുഖത്തെ തുടർന്നു നാട്ടിലെത്തി. 8 വയസുള്ള ഒരു മകളാണ് ഇവർക്കുള്ളത്. കാട്ടൂരിൽ കഴിഞ്ഞ ദിവസം യുവതി മരിച്ചതിനു പിന്നാലെ ദിവ്യ ഗുരുതരാവസ്ഥയിൽ എത്തിയതിന്റെ ആശങ്കയിലാണ് കുടുംബം. ദിവ്യയുടെ ആരോഗ്യ വിവരങ്ങൾ ആരോഗ്യ മന്ത്രി നേരിട്ട് ചോദിച്ചറിഞ്ഞിരുന്നു. വാക്സീനെ തുടർന്നുള്ള പ്രശ്നങ്ങളാണെന്നും ജീവൻ നിലനിർത്താൻ അടിയന്തര ഇടപെടൽ വേണമെന്നും ദിവ്യയുടെ കുടുംബം ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply