ഇന്ത്യ മുഴുവൻ നെറ്റ് വർക്ക് സ്ഥാപിക്കാൻ രണ്ട് ലക്ഷം കോടി രൂപയാണ് കമ്പനി നിക്ഷേപിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ റോൾ ഔട് പ്ലാനാണിത്.
ദീപാവലിയോടെ രാജ്യത്തെ പ്രധാന സിറ്റികളിൽ 5G സൗകര്യം ലഭ്യമാവും. 2023 ഡിസംബറോടെ ഇന്ത്യയിലെ എല്ലാ ടൗണുകളിലും 5G സൗകര്യം ലഭ്യമാവുമെന്നും അംബാനി അറിയിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും വലുതും വേഗതയേറിയതുമായ നെറ്റ് വർക്കായിരിക്കും ജിയോ 5G യുടേതെന്ന് അദ്ദേഹം അറിയിച്ചു. ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയായിരിക്കും അവതരിപ്പിക്കുക. 5G യുടെ തന്നെ ഏറ്റവും പുതിയ വേർഷനായ ‘സ്റ്റാൻഡ് എലോൺ 5G’ ആയിരിക്കും കമ്പനി അവതരിപ്പിക്കുക. പുതിയ 5G നെറ്റ് വർക്കിന് നിലവിലെ ജിയോയുടെ നെറ്റ് വർക്കിനോട് ഒരു ബന്ധവും ഉണ്ടായിരിക്കില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള നന്ദി പ്രകാശിപ്പിച്ചു കൊണ്ടാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതു യോഗത്തിൽ മുകേഷ് അംബാനി തന്റെ അവതരണം ആരംഭിച്ചത്. അടുത്ത 25 വർഷത്തേക്ക് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന്റെ ആരോഗ്യത്തിനായി റോഡ്മാപ്പ് നൽകിയതിന് അദ്ദേഹം മോദിയോടുള്ള കടപ്പാട് അറിയിച്ചു. ആഗോളതലത്തിലുള്ള അസ്ഥിരാവസ്ഥകൾക്കിടയിലും ഇന്ത്യ വളർച്ചയും, സ്ഥിരതയും പ്രകാശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 4G സേവനത്തിലൂടെ വിപ്ലവം സൃഷ്ടിച്ച ജിയോ ഇപ്പോൾ 5G സേവനത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുന്നത് പ്രതീക്ഷയോടെയാണ് സാധാരണക്കാർ അടക്കമുള്ളവർ കാണുന്നത്. ഭീമമായ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമായിരുന്ന രാജ്യത്തേക്ക് കുറഞ്ഞ നിരക്കിൽ ഇന്റർ നെറ്റ് ലഭ്യമാക്കി ജിയോയുടെ കടന്നു വരവ് ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. ഇന്റർനെറ്റ് ലഭ്യത സുഗമമായതോടെ ഇന്ത്യയുടെ തന്നെ സാമ്പത്തിക രംഗത്തെ അത് സ്വാധീനിക്കുകയുണ്ടായി.
അടുത്തിടെയാണ് ടെലികമ്മ്യൂണിക്കേഷൻ, റീടെയിൽ സേവനങ്ങൾ തന്റ മക്കൾക്ക് മുകേഷ് അംബാനി വിഭജിച്ച് നൽകുന്നത്. ഇത് കൂടുതൽ കാര്യക്ഷമമായി ടെലികോം ബിസിനസിനെ വേറിട്ടു നിർത്താനുള്ള ശ്രമത്തിന്റെ കൂടി ഭാഗമായിരുന്നു.
റിലയൻസ് ജിയോ ഇൻഫോകോം 11 ബില്യൺ യുഎസ് ഡോളറിൽ കൂടുതൽ തുക മുടക്കിയാണ് സ്പെക്ട്രം ലേലത്തിൽ എയർവേവ് കരസ്ഥമാക്കിയത്. ബിസിനസിനെ കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുക എന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. വരുമാന വർധനവും, ഉപഭോക്താക്കൾക്ക് മികച്ച സേവനം വാഗ്ദാനം ചെയ്യാനും, വിപണിയിലെ മുൻനിര സ്ഥാനം ജിയോയെ സഹായിക്കും.
ഇനി താരിഫ് പ്ലാനുകൾ പ്രഖ്യാപിക്കുക എന്ന കടമ്പയാണ് കമ്പനിക്കു മുന്നിലുള്ളത്. 5G സേവനങ്ങൾക്ക് രാജ്യത്ത് എത്രത്തോളം ഡിമാൻഡ് ഉണ്ടാവും എന്നതും നിർണായകമാണ്. നിലവിലെ 4G സേവനങ്ങളിൽ തൃപ്തരായവർ അതിവേഗം 5G യിലേക്ക് മാറാനുള്ള സാധ്യത കുറവാണ്. ഇതിനാൽത്തന്നെ 4G സേവനം സൗജന്യമായും, കുറഞ്ഞ നിരക്കിലും അവതരിപ്പിച്ച ബിസിനസ് തന്ത്രത്തന് സമാനമായത് കമ്പനി നടപ്പാക്കുമോ എന്നും ഏവരും ഉറ്റുനോക്കുന്നു.