മുംബൈ ∙ മതവികാരം വ്രണപ്പെടുത്തിയെന്നും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നെന്നും കുറ്റപ്പെടുത്തിയുള്ള പരാതിയിൽ നയൻതാരയുടെ പുതിയ ചിത്രമായ ‘അന്നപൂരണി’യുടെ അണിയറ പ്രവർത്തകർക്കും, താരങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു. മുംൈബ നിവാസിയായ രമേഷ് സോളങ്കി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.
ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിൽ ശ്രീരാമൻ മാംസാഹാരം കഴിക്കുന്നയാളാണെന്ന പരാമർശമുണ്ടെന്നു രമേഷ് സോളങ്കി പരാതിയിൽ പറഞ്ഞു. നവാഗതനായ നിലേഷ് കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകൻ. നയൻതാര, നായകൻ ജയ്, നിലേഷ് കൃഷ്ണ, നിർമാതാക്കളായ ജതിൻ സേത്തി, ആർ. രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫിസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെയാണ് നടപടി.