Spread the love

പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണ കോവിഡ് ബാധിച്ച് അന്തരിച്ചു.പരിസ്ഥിതി പ്രവർത്തകനായ ബഹുഗുണ വനങ്ങളുടെയും ഹിമാലയൻ പർവതങ്ങളുടെയും നശീകരണങ്ങൾകേതിരെ പ്രതിഷേധിക്കാൻ ഗ്രാമീണരെ അനുനയിപ്പിക്കുകയും ബോധവൽക്കരിക്കുകയും ചെയ്തിരുന്നു.ഉത്തരാഖണ്ഡിലെ തെഹ്‌രി എന്ന സ്ഥലത്തിനടുത്തുള്ള മറോദ എന്ന ഗ്രാമത്തിലാണ്‌ ബഹുഗുണ ജനിച്ചത്. ആദ്യകാലങ്ങളിൽ തൊട്ടുകൂടായ്മക്കെതിരെ അദ്ദേഹം പോരാടി. പിന്നീട് 1965 മുതൽ 1970 വരെയുള്ള കാലയളവിൽ മലഞ്ചെരുവിലെ സ്ത്രീജനങ്ങളെ സംഘടിപ്പിച്ച് മദ്യവിരുദ്ധ പോരാട്ടവും നടത്തുകയുണ്ടായി.ചിപ്കോ പ്രസ്ഥനത്തിനു പ്രത്യേകമായും പരിസ്ഥിതിവാദത്തിന്‌ പൊതുവായും അദ്ദേഹം നൽകിയ പ്രധാന സംഭാവനകളിലൊന്ന് ചിപ്കോക്ക് അദ്ദേഹം നൽകിയ “ആവാസ വ്യവസ്ഥയാണ്‌ സ്ഥിരസമ്പത്ത്” എന്ന മുദ്രാവാക്യമാണ്‌. തന്റെ പ്രസ്ഥാനത്തിന്‌ ജനപിന്തുണ തേടിക്കൊണ്ട് 1981 മുതൽ 1983 വരെ അദ്ദേഹം നടത്തിയ ഹിമാലയത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെയുള്ള യാത്ര ചിപ്കോയെ ജനമധ്യത്തിലേക്ക് കൊണ്ടുവരാൻ സഹായിച്ചു. ഈ യാത്ര അവസാനിപ്പിച്ചത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തികൊണ്ടാണ്‌. 15 വർഷത്തിന്‌ ഹരിതവൃക്ഷങ്ങൾ മുറിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഇന്ദിരയുടെ ഉത്തരവ് ഈ കൂടിക്കാഴ്ചയുടെ ഫലമായി ഉണ്ടായതാണ്.തെഹ്‌രി അണക്കെട്ടിനെതിരെയുള്ള പ്രക്ഷോഭ പാതയിൽ ദശാബ്ദങ്ങളോളം അദ്ദേഹം നിലകൊണ്ടു. സത്യാഗ്രഹ മാതൃക ‍സ്വീകരിച്ച അദ്ദേഹം നിരവധി തവണ പ്രതിഷേധ സൂചകമായി ഭഗീരഥി തീരത്ത് ഉപവാസ സമരം നടത്തി. 1995 ൽ, അണക്കെട്ടിന്റെ ദൂശ്യഫലങ്ങളെ കുറിച്ച് പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കാമെന്ന അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ ഉറപ്പിന്മേലായിരുന്നു 45 ദിവസം നീണ്ട ബഹുഗുണയുടെ ഉപവാസ സമരം അവസാനിപ്പിച്ചത് . അതിന്‌ ശേഷം 74 ദിവസം നീണ്ട മറ്റൊരു ഉപവാസ സമരം രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ വെച്ച് ബഹുഗുണ നടത്തുകയുണ്ടായി.1987 ൽ ലൈവ്‌ലിഹുഡ് അവാർഡും (ചിപ്കോ പ്രസ്ഥാനത്തിന്‌),2009 ൽ പത്മ വിഭൂഷണും ലഭിച്ചു .

Leave a Reply