ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഷെയർ ചെയ്തും മോശം കമന്റുകൾ രേഖപ്പെടുത്തിയും വിമർശനം ഉന്നയിച്ചും മലയാളികൾ ഏറെ ആഘോഷിച്ച ഒരു വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയ താരമായ കോഴിക്കോട് ദാസേട്ടനും അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണുവും ചേർന്ന് അഭിനയിച്ച റീൽ വീഡിയോ. ചാന്തുപൊട്ട് സിനിമയിലെ ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന്റെ റിക്രിയേഷൻ വീഡിയോ ആയിരുന്നു ഇരുവരും ചേർന്ന് അഭിനയിച്ചത്.
റൊമാന്റിക് മൂഡിൽ എടുത്ത റീൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇരുവരും വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾക്ക് ഇരയായിരുന്നു. സുധി ചേട്ടൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇത്തരം വൃത്തികേടുകൾ നിങ്ങൾ ചെയ്തു കൂട്ടുമായിരുന്നോയെന്ന് ചോദിച്ചു രേണുവിനെ കുറ്റപ്പെടുത്തിയ പലരും രേണുവിന്റെ പ്രൊഫൈലിൽ നിന്നും സുധിയുടെ ചിത്രം നീക്കം ചെയ്യണമെന്നും നിരന്തരം ആവശ്യപ്പെട്ടിരുന്നു. നിങ്ങൾ ഇത്തരം വൃത്തികേടുകൾ ചെയ്യുകയും ഭർത്താവ് എന്നുപറഞ്ഞ് സുധിയുടെ ചിത്രം പ്രൊഫൈൽ സൂക്ഷിക്കുകയും ചെയ്യുന്നത് തെറ്റാണെന്നായിരുന്നു പലരുടെയും കുറ്റപ്പെടുത്തൽ. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു.
‘സുധിച്ചേട്ടന്റെ വൈഫ് ആയി ഇരിക്കുന്നിടം വരെ ആര് എന്ത് പറഞ്ഞാലും ഡിപി മാറ്റുന്ന പ്രശ്നം ഇല്ല, കാരണം എന്റെ കെട്ട്യോന്റെ ഡിപി എനിക്കിടാനുള്ള അധികാരം ഉണ്ട്. ചൊറിയുന്നവർ ചൊറിഞ്ഞോണ്ടിരിക്കൂ. ഐ ആം നോട്ട് ബോധേഡ് എബൗട്ട് യുവർ ചൊറിച്ചിൽ’- എന്നായിരുന്നു വിമർശനങ്ങളിൽ രേണുവിന്റെ മറുപടി. സുധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ഡിജിറ്റൽ പെയിന്റിംഗിലൂടെ സൃഷ്ടിച്ചെടുത്ത ചിത്രമാണ് രേണു പങ്കുവെച്ചത്.