Spread the love

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഭക്ഷണം തയ്യാറാക്കിയ അനുഭവം പങ്കിട്ട് പ്രശസ്ത ഷെഫ് സഞ്ജീവ് കപൂർ. ഏഴു വർഷങ്ങൾക്കു മുൻപ് മോദി അബുദാബി സന്ദർശനത്തിന് എത്തിയപ്പോൾ വിരുന്നൊരുക്കിയതിന്റെ വിശേഷമാണ് സഞ്ജീവ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻസായിദ് അൽ നഹ്യാൻറെ ക്ഷണം സ്വീകരിച്ച് ഔദ്യോഗിക സന്ദർശനത്തിനെത്തിയതായിരുന്നു മോദി. ഇതിനൊപ്പം നരേന്ദ്രമോദിയുടെ രീതിയെക്കുറിച്ചും അദ്ദേഹത്തിന് ഒപ്പം പങ്കിട്ട വിശേഷങ്ങളെ കുറിച്ചുമെല്ലാം സഞ്ജീവ് പറയുന്നുണ്ട്.

അന്ന് പ്രധാനമന്ത്രിക്കായി സസ്യാഹാരങ്ങൾ ഉൾപ്പെടെ അബുദാബിയിലെ വിവിധ വിഭവങ്ങൾ തയ്യാറാക്കി. ഒരു ദേശത്തെ സംസ്കാരം അവിടുത്തെ വിഭവങ്ങളിലൂടെ മനസ്സിലാക്കാമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം വിഭവങ്ങളെല്ലാം ട്രൈചെയ്ത് നോക്കി. അവിടുത്തെ ഭക്ഷണമായ ഫൂൽ മെഡം വിളമ്പി, ആ വിഭവത്തെ കുറിച്ച് അദ്ദേഹത്തിന് വിവരിച്ച് നൽകിയപ്പോൾ ഇത് നമ്മുടെ പാവ് ബാജി പോലെയുണ്ടെന്ന് അദ്ദേഹം രസകരമായ മറുപടി പറഞ്ഞു- സഞ്ജീവ് കപൂർ അഭിമുഖത്തിൽ പങ്കുവെച്ചു.

പ്രധാനമന്ത്രിയുടെ ഡയറ്റ് വളരെ ലളിതമാണെന്നും ഭക്ഷണത്തോട് അദ്ദേഹത്തിന് ബഹുമാനമാണെന്നും സഞ്ജീവ് പറഞ്ഞു. പൂർണമായും സസ്യാഹാരിയാണ് അദ്ദേഹം. കിച്ചടി, പറാത്ത, തോപ്പല എന്നിവയെല്ലാം അദ്ദേഹത്തിനിഷ്ടമാണ്. അദ്ദേഹം അത്ര തിരക്കു കൂട്ടുന്നയാളല്ല, വളരെ ലാളിത്യമുള്ള വ്യക്തിയാണ്- സഞ്ജീവ് കപൂർ പറഞ്ഞു.

ഈയിടെ സംരഭകനായ നിഖിൽ കാമത്തുമായി നടത്തിയ സംഭാഷണത്തിൽ തന്റെ ഭക്ഷണശീലത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു. താനൊരു ഭക്ഷണപ്രിയനല്ലെന്നും ഏത് രാജ്യത്ത് ചെന്നാലും തനിക്കായി വിളമ്പുന്ന ഭക്ഷണം സന്തോഷത്തോടെ കഴിക്കാറുണ്ടെന്നും തുറന്നുപറഞ്ഞിരുന്നു. ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ പ്രയാസപ്പെടാറുണ്ടെന്നും ഒരു മെന്യു കൈയിൽ തന്നാൽ എന്താണ് കഴിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാൻ തനിക്ക് പ്രയാസമാണെന്നും അദ്ദേഹം ഷോയിൽ പറഞ്ഞിരുന്നു.

Leave a Reply