പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ് അന്തരിച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം വന്നിട്ടില്ല.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെന്റിലേറ്ററായിരുന്നു. ദുബൈയിലെ വീട്ടിലാണ് വെന്റിലേറ്റര്‍ സജ്ജീകരിച്ചിരുന്നത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
പാക്കിസ്ഥാന്റെ പത്താമന്റെ പ്രധാനമന്ത്രിയായിരുന്നു. പട്ടാള അധിനിവേശത്തിലൂടെയാണ് പര്‍വേസ് മുഷാറഫ് പാക്കിസ്ഥാനില്‍ അധികാരം നേടിയത്. 1999 ലാണ് പട്ടാള അട്ടിമറി നടത്തി പര്‍വേസ് മുഷാറഫ് അധികാരത്തിലേറിയത്.
പട്ടാള അട്ടിമറിയുടെ ഘട്ടത്തില്‍ നവാസ് ഷെരീഫായിരുന്നു പാക്കിസ്ഥാനില്‍ അധികാരത്തിലുണ്ടായിരുന്നത്. പാക് സൈനിക മേധാവിയായിരുന്നു പര്‍വേസ് മുഷാറഫ്. 2008 ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം രാജ്യത്തെ അധികാരം ഒഴിഞ്ഞത്. പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു. നാല് വര്‍ഷം വിദേശത്ത് താമസിച്ച മുഷാറഫ് 2013 മാര്‍ച്ച് മാസത്തില്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തി.
പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നു ശ്രമമെങ്കിലും രണ്ട് മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച പത്രികകളും തള്ളപ്പെട്ടതോടെ ഈ നീക്കം ഫലം കണ്ടില്ല.
പിന്നീട് മുഷാറഫിനെതിരെ പാക്കിസ്ഥാന്‍ ഭരണകൂടം നിലപാട് കടുപ്പിച്ചു. 2007 ല്‍ പാക്കിസ്ഥാനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഘട്ടത്തില്‍ ജഡ്ജിമാരെ തടവില്‍ പാര്‍പ്പിച്ചെന്ന കുറ്റത്തില്‍ 2013 ഏപ്രില്‍ മാസത്തില്‍ ഇദ്ദേഹത്തെ പാക്കിസ്ഥാനില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു. ഈ ഫാം ഹൗസും വീടും പിന്നീട് പൊലീസ് സബ് ജയിലായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇദ്ദേഹം അധികാരത്തിലേറിയ ശേഷം കശ്മീര്‍ പിടിച്ചടക്കാന്‍ നടത്തിയ ശ്രമങ്ങളാണ് അന്ന് കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ചത്. 1999 മെയ് മാസത്തില്‍ പാക്കിസ്ഥാന്റെ അധിനിവേശ നീക്കങ്ങള്‍ക്കെതിരെ ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചു. ജൂലൈയില്‍ ഈ യുദ്ധം വിജയിച്ചതായി ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്തു.