കാൻസർ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന കണ്ടെത്തലുമായി ഗവേഷകർ. റേഡിയേഷന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ കെൽപ്പുള്ള ജീവിയെ ഗവേഷകർ കണ്ടെത്തി. ഒരു മില്ലിമീറ്റർ മാത്രം വലിപ്പമുള്ള സൂക്ഷ്മജീവിയാണിത്. ടാർഡിഗ്രേഡ് (tardigrade) എന്നാണ് ഇതിന്റെ പേര്. പായൽ വെള്ളത്തിലും മണ്ണിലും കണ്ടുവരുന്ന ടാർഡിഗ്രേഡ്, ജലക്കരടി എന്നും മോസ് പിഗ്ലെറ്റ് എന്നും അറിയപ്പെടുന്നു.
ലോകത്തിലെ ഏറ്റവും കാഠിന്യമുള്ളവരെന്നാണ് ടാർഡിഗ്രേഡിനെ വിശേഷിപ്പിക്കാറുള്ളത്. ഏതുതരം കാലാവസ്ഥയേയും എത്രപ്രതികൂല സാഹചര്യത്തേയും അതിജീവിക്കാനുള്ള ശേഷി തന്നെയാണ് ഇതിന് കാരണം.
റേഡിയേഷൻ ചികിത്സയിലൂടെ കടന്നുപോകുന്ന കാൻസർ രോഗികൾക്ക് റേഡിയേഷൻ മൂലമുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ/തടയാൻ കഴിയുന്ന Dsup എന്ന പ്രോട്ടീൻ ടാർഡിഗ്രേഡുകൾ ഉത്പാദിപ്പിക്കുന്നു. കേടുപാടുകൾ സംഭവിച്ച ഡിഎൻഎ, ആർഎൻഎ എന്നിവ ശരിയാക്കാനും ഫാറ്റി ആസിഡുകൾ ഉത്പാദിപ്പിക്കാനും Dsup പ്രോട്ടീൻ സഹായിക്കും.
എലികളിൽ നടത്തിയ പരീക്ഷണത്തിൽ, റേഡിയേഷൻ തകരാറുകൾ പരിഹരിക്കാൻ Dsupന് കഴിഞ്ഞതായി ഗവേഷകർ കണ്ടെത്തി. ആരോഗ്യമുള്ള സെല്ലുകൾക്ക് സംഭവിച്ച കേടുപാടുകൾ പരിഹരിക്കപ്പെട്ടതായി പഠനത്തിന് നേതൃത്വം നൽകിയ Giovanni Traverso പറഞ്ഞു. ബഹിരാകാശത്തേക്ക് പോകുന്ന ശാസ്ത്രജ്ഞർ നേരിടുന്ന റേഡിയേഷൻ പ്രശ്നങ്ങളെ പ്രതിരോധിക്കാനും ഈ പ്രോട്ടീന് കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. Dsupന്റെ വലിയ പതിപ്പ് വികസിപ്പിച്ച് മനുഷ്യർക്ക് സഹായകമാകുന്ന വിധത്തിൽ എത്തിക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം.