കോവിഡിനെ മറികടക്കാൻ വീണ്ടും റിസർവ് ബാങ്ക് 31,000 കോടി രൂപയുടെ വായ്പയുമായി റിസർവ് ബാങ്ക്.
പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ, സാമ്പത്തിക വളർച്ച ഉത്തേജിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനം. പദ്ധതി പ്രകാരം,സ്വകാര്യബസ് ഓപ്പറേറ്റർമാർക്കും ട്രാവൽ ഏജൻറ്മാർക്കും കാർ റിപ്പയർ സ്ഥാപനങ്ങൾക്കും മറ്റും വായ്പ അനുവദിക്കുന്നതിന് ബാങ്കുകൾക്ക് മൊത്തം 15,000 കോടി രൂപ റീപ്പോ നിരക്കിൽ ലഭ്യമാക്കാൻ റിസർവ് ബാങ്കിന്റെ പണ നയ സമിതി (എംപിസി) തീരുമാനിച്ചു. ഇപ്പോൾ 4 ശതമാനമാണ് റീപ്പോ നിരക്ക്.
ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പണത്തിന്റെ പലിശനിരക്ക് (റീപ്പോ )4%, ബാങ്കുകളിൽനിന്ന് റിസർവ് ബാങ്ക് സ്വീകരിക്കുന്ന മിച്ചപണത്തിന്റെ പലിശ (റിവേഴ്സ് റീപ്പോ) 3.25 %എന്നിങ്ങനെ തുടരും.വായ്പാ പലിശ നിരക്കുകൾ ഇപ്പോഴത്തെ താഴ്ന്ന നിലയിൽ തന്നെ തുടരാൻ ഇത് സഹായിക്കും.ഈ മാസം ഏഴിനു തുടങ്ങുന്ന പദ്ധതി അടുത്ത മാസം മാർച്ച് 31 വരെ ഉണ്ടാകും.ഈ പദ്ധതിയിൽ ബാങ്കുകൾ നൽകുന്ന വായ്പകൾക്ക് റിസർവ് ബാങ്ക് കാലാവധി നിർദേശിച്ചിട്ടില്ല.
പദ്ധതിയിൽ ഹോട്ടൽ, റസ്റ്റോറൻറ്,ടൂർ ഓപ്പറേഷൻ സംരംഭങ്ങൾ,അഡ്വഞ്ചർ- ഹെറിറ്റേജ് സംവിധാനങ്ങൾ, വ്യോമയാന മേഖലയിലെ ഗ്രൗണ്ട് ഹാൻഡ്ലിങ്, വിതരണ ശൃംഖലകൾ, റെന്റ് -എ -കാർ സംരംഭങ്ങൾ,സ്പാ ക്ലിനിക്,ബ്യൂട്ടി പാർലർ, കോൺഫറൻസുകൾ സംഘടിപ്പിക്കുന്നവർ എന്നിവക്കും വായ്പ ലഭിക്കും. സൂക്ഷ്മ,ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വായ്പ (എംഎസ്എംഇ ) മറ്റും വായ്പ ലഭ്യമാക്കാൻ സിഡ്ബിക്ക് 16,000 കോടി രൂപ ലഭ്യമാക്കാനും തീരുമാനമായി.
എംഎസ്എംഇകൾക്കും ചെറുകിട ബിസിനസ് സംരംഭങ്ങൾക്കും ബിസിനസുകാർക്കുമായി കഴിഞ്ഞ മാസം പ്രഖ്യാപിച്ച വായ്പ പുനക്രമീകരണ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാനുള്ള വായ്പാപരിധി 25 കോടിയിൽനിന്ന് 50 കോടി രൂപയാക്കിയതും ഈ മേഖലയ്ക്ക് ആശ്വാസമേകും.