പിഞ്ചുകുഞ്ഞിനെ കംഗാരു ബാഗിലാക്കി നെഞ്ചോട് ചേര്‍ത്ത് സ്വിഗ്ഗിക്ക് വേണ്ടി സ്‌കൂട്ടറില്‍ ഭക്ഷണവിതരണം നടത്തുന്ന യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടത്. കൊടുവെയിലില്‍ അമ്മയുടെ നെഞ്ചില്‍ ചാഞ്ഞ് ഉറങ്ങുകയാണ് ആ കുഞ്ഞ്. 23 സെക്കന്റ് മാത്രമുള്ള ആ കാഴ്ച ആരും ഒരിക്കല്‍ കണ്ടിരുന്നു പോകും. കഷ്ടപ്പാടുകളോട് ഒറ്റക്ക് പോരാടുന്ന ഒരു യുവതിയുടെ ജീവിതമാണത്.
എറണാകുളം ഇടപ്പള്ളിയില്‍ താമസിക്കുന്ന കൊല്ലം ചിന്നക്കട സ്വദേശി എസ് രേഷ്മയാണ് വീഡിയോയിലുള്ളത്. ഏതോ വഴിയാത്രക്കാരന്‍ യാത്രയ്ക്കിടെ ഇവരുടെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുകയായിരുന്നു. തന്റെ വിഡിയോ ആരെങ്കിലും എടുത്തതോ വൈറലായതോ രേഷ്മ അറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരി ഗ്രൂപ്പില്‍ ഈ വിഡിയോ പോസ്റ്റു ചെയ്ത് ആരാണ് എന്നു ചോദിക്കുമ്പോഴാണു താന്‍ വിവരം അറിയുന്നതെന്ന് രേഷ്മ പറയുന്നു.
‘പിന്നെ ആരൊക്കെയോ വാട്‌സാപ്പില്‍ അയച്ചു തന്നു. ശരിക്കും പേടിച്ചു പോയി. ജോലി നഷ്ടമാകുമോ എന്നായിരുന്നു ആദ്യ ഭയം. വേറെ ഒരു വഴിയുമില്ലാത്തുകൊണ്ടാണു കുഞ്ഞുമായി ജോലിക്കു പോകേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്നു വിളിച്ച് വിഡിയോയിലുള്ളത് താനല്ലേ എന്നു ചോദിച്ചപ്പോഴും ജോലിയില്‍നിന്ന് പറഞ്ഞു വിടുമോ എന്നായിരുന്നു ഭയം.’ -രേഷ്മ പറയുന്നു.
‘എന്റെ നെഞ്ചില്‍ ചാരിക്കിടക്കുമ്പോള്‍ അവള്‍ ഏറ്റവും സുരക്ഷിതയാണെന്ന് ഉറപ്പുണ്ട്. പെണ്‍കുഞ്ഞല്ലേ. ധൈര്യമായി ഞാന്‍ ആരെ ഏല്‍പിക്കും? വിഡിയോ പലരും കൂട്ടുകാരും വീട്ടുകാരുമൊക്കെയുള്ള ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ചിലര്‍ നെഗറ്റീവ് കമന്റ് എഴുതിയത് തളര്‍ത്തി. കംഗാരുവിനെപ്പോലെ കുഞ്ഞിനെയും കൊണ്ടുപോകാതെ എവിടെ എങ്കിലും ഏല്‍പിച്ചു കൂടെ? പൊലീസില്‍ പരാതി കൊടുക്കും എന്നൊക്കെയാണ് ചിലര്‍ എഴുതിയത്.-രേഷ്മ പറഞ്ഞു.