Spread the love

ദുബായ് : യുഎഇയിൽ നിന്നു കോവിഡ് വാക്സീനെടുത്ത, താമസവീസയുള്ള ഇന്ത്യക്കാർ ഇന്നു മടക്കയാത്ര തുടങ്ങും. രണ്ടാം ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണു യാത്രാനുമതി.

Resident Indians who have been vaccinated against covid from the UAE will begin their return journey today.

ഇവരും വാക്സീൻ എടുക്കാതെ യാത്ര അനുവദിക്കുന്ന വിഭാഗത്തിൽപെട്ടവരും നിശ്ചിത പോർട്ടലിൽ റജിസ്റ്റർ ചെയ്ത് അനുമതി തേടണമെന്ന് നിർബന്ധമാണ്. ദുബായ് വീസക്കാരെല്ലാം ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജിഡിആർഎഫ്എ) https://smart.gdrfad.gov.ae/homepage.aspx എന്ന സൈറ്റിലാണ്, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേണ്ടത്. മറ്റ് എമിറേറ്റുകളിലെ വീസക്കാർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ഐസിഎ) https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals വെബ്സൈറ്റിൽ അപേക്ഷ നൽകണം.

48 മണിക്കൂർ സമയപരിധിയിലെ ആർടിപിസിആർ കോവിഡ് നെഗറ്റീവ് പരിശോധനാഫലമാണു സമർപ്പിക്കേണ്ടത്.നാട്ടിലെ വിമാനത്താവളത്തിൽ യാത്രയ്ക്കു മുൻപു റാപ്പിഡ് പരിശോധന നടത്തും. യുഎഇയിൽ എത്തുമ്പോൾ വീണ്ടും ആർടിപിസിആർ പരിശോധനയുണ്ട്. തുടർന്ന്, ട്രാക്കിങ് വാച്ച് ധരിച്ച് 10 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണം. ഇതിനിടെ 4, 8 ദിവസങ്ങളിൽ പിന്നെയും പിസിആർ ടെസ്റ്റ് നടത്തണം. യാത്രയ്ക്ക് 48 മണിക്കൂർ മുൻപുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവർ പിന്നീട് വളരെ കരുതലോടെ വേണം മറ്റുള്ളവരുമായി ഇടപെടാനെന്നും അല്ലെങ്കിൽ റാപ്പിഡ് പരിശോധനയിൽ പോസിറ്റീവ് ആകാനും യാത്ര മുടങ്ങാനും ഇടയുണ്ടെന്നും മൈക്രോ ഹെൽത് ലാബ് കമ്പനി സിഇഒ നൗഷാദ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ വാക്സീനെടുത്ത താമസവീസക്കാരെ അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്നാണു പ്രതീക്ഷയെന്നു ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ മനോരമയോടു പറഞ്ഞു. ഇതു സംബന്ധിച്ച ചർച്ച പുരോഗമിക്കുകയാണ്. എന്നാൽ,താമസവീസ (റസിഡന്റ് വീസ) കാലാവധി തീർന്നവർക്കു പ്രവേശനാനുമതിയില്ല. അതേസമയം, ആരോഗ്യം, വിദ്യാഭ്യാസം, സർക്കാർ സർവീസ് ര‌ംഗങ്ങളിൽ പ്രവർത്തിക്കുന്നവർ, യുഎഇയിൽ പഠിക്കുന്നവർ, ചികിത്സ പൂർത്തിയാക്കാനുള്ളവർ എന്നിവർക്ക് വാക്സീൻ എടുക്കാതെയും എത്താം. ഇവരിൽ ദുബായ് വീസക്കാർ ജിഡിആർഎഫ്എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്)വെബ്സൈറ്റിലും മറ്റുള്ളവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിലും (ഐസിഎ) അപേക്ഷ സമർപ്പിച്ച് അംഗീകാരം നേടണം.12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വാക്സിനേഷൻ സംബന്ധിച്ചു പ്രത്യേക നിർദേശമില്ല. ഇവർക്കു മാതാപിതാക്കൾക്കൊപ്പം എത്താമെന്നാണു നേരത്തേയുള്ള അറിയിപ്പ്.

Leave a Reply