കൊയിലാണ്ടി: കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബേദാര്‍ എം.ശ്രീജിത്തിന് ശൗര്യചക്ര. കൊയിലാണ്ടി പൂക്കാട് സ്വദേശിയാണ് ശ്രീജിത്ത്. ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ പാക്ക് ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് മരണം ശ്രീജിത്തിനെ കവർന്നെടുത്തത്.
19–ാം വയസ്സിൽ സൈനികനായി 23–ാം വയസ്സിൽ തന്നെ സേനാ മെഡൽ സ്വന്തമാക്കിയ ശ്രീജിത്ത് സഹപ്രവർത്തകർക്ക് എന്നും പ്രചോദനമായിരുന്നു. 2002 ൽ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ 3 പാക്ക് ഭീകരരെ വധിച്ചാണ് എം.ശ്രീജിത്ത് സൈനികർക്കിടയിലെ ഹീറോ ആയി മാറിയിരുന്നു.
ഇതുവരെ 23 മെഡലുകളാണ് ശ്രീജിത്തിനു ലഭിച്ചത്. പാർലമെന്റ് ഭീകരാക്രമണമുണ്ടായപ്പോൾ ശ്രീജിത്തും പോരാട്ടത്തിലുണ്ടായിരുന്നു.
തറമ്മൽ പറമ്പ് മയൂരം വീട്ടിൽ വത്സന്റെയും ശോഭയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ ഷിജിന.