Spread the love

ഫെബ്രുവരിയിൽ ഇറങ്ങിയ മലയാള ചിത്രങ്ങളുടെ കലക്ഷനും നിർമ്മാണ ചിലവും താരതമ്യപ്പെടുത്തിയുള്ള കണക്ക് ഇക്കഴിഞ്ഞ ദിവസം നിർമാതാക്കളുടെ സംഘടന പുറത്തുവിട്ടിരുന്നു. ഇതിൽ കുഞ്ചാക്കോ ബോബൻ നായകനായി എത്തി വലിയ പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടി നിർമ്മാണ ചിലവ് പോലും തിയേറ്ററിൽ നിന്നും നേടിയെടുക്കാൻ കഴിഞ്ഞില്ല എന്ന തരത്തിൽ ആയിരുന്നു കണക്ക്. ഈ വിവരങ്ങളിൽ അപാകതകളുണ്ടെന്നും റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളിൽ ലാഭത്തിൽ ആയ ചിത്രമാണ് ഓഫീസർ ഡ്യൂട്ടി എന്നും നിർമ്മാതാക്കൾ കൃത്യമായി കണക്കു പറയണം എന്നും വ്യക്തമാക്കിയായിരുന്നു കുഞ്ചാക്കോ ബോബൻ അടുത്തിടെ ഒരഭിമുഖത്തിൽ രംഗത്തെത്തിയത്. ഇപ്പോഴിതാ നടന്റെ പ്രതികരണത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാക്കളുടെ സംഘടന. നിർമാതാക്കൾ പുറത്തുവിടുന്ന കണക്കുകൾ സിനിമയുടെ കേരളത്തിലെ തിയറ്റർ കളക്ഷൻ മാത്രമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. .

ചിത്രത്തിന്റെ മുതൽമുടക്ക് സംബന്ധിച്ച് നിർമാതാവും സംവിധായകനും പ്രൊഡക്ഷൻ കൺട്രോളറും ഒപ്പിട്ട് തന്നിരിക്കുന്ന കണക്കാണ് പുറത്തുവിടുന്നത്. മാത്രമല്ല ഒടിടി, സാറ്റ്ലൈറ്റ് ബിസിനസ് നടക്കാത്ത സിനിമകളാണ് തങ്ങൾ പുറത്തുവിട്ട പട്ടികയിൽ കൂടുതലും എന്നും സംഘടന വ്യക്തമാക്കി. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമ റിലീസിന് മുൻപ് റൈറ്റ്സ് വില്പന നടത്തിയതാണ്.

മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ചിത്രം നല്ല കളക്ഷൻ നേടുന്നുണ്ട്. ഇപ്പോഴും തിയറ്ററുകളിൽ നല്ല കളക്ഷൻ നേടിക്കൊണ്ടിരിക്കുന്ന ചിത്രം പരാജയമാണെന്ന് സംഘടന പറഞ്ഞിട്ടില്ലെന്നും സെക്രട്ടറി ബി രാകേഷ് വ്യക്തമാക്കി. ഈ സിനിമയ്ക്ക് പുറമെ ബ്രോമാൻസ്, പൈങ്കിളി, നാരായണീന്റെ മൂന്ന് ആണ്മക്കൾ എന്നീ സിനിമകളുടെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശങ്ങൾ വിറ്റതായും അറിവ് ലഭിച്ചിട്ടുണ്ട്.

എന്നാൽ ഭൂരിഭാഗം സിനിമകളും കേരളത്തിലെ തിയറ്റർ കളക്ഷൻ കൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടി വരുന്നവയാണ്. സിനിമകളുടെ ബിസിനസ് സാധ്യതകളെക്കുറിച്ചറിയാതെ പണം മുടക്കി പാപ്പരാകുന്ന നിർമാതാക്കളെ ബോധവത്കരിക്കാനാണ് കണക്കുകൾ പുറത്തുവിടുന്നതെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply