സിനിമയും സിനിമാതാരങ്ങളും പൊതുജനത്തെ സ്വാധീനിക്കുന്നുണ്ടോ? എന്ന വിഷയത്തിൽ വലിയ ചർച്ച നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. സിനിമയും അതിലെ ഉള്ളടക്കങ്ങളും പ്രേക്ഷകരുടെ ദൈനംദിന ജീവിതത്തെ പോലും സ്വാധീനിക്കുന്നു എന്നും തങ്ങളുടെ ഇഷ്ട താരങ്ങളുടെ ചെയ്തികൾ ആരാധകരെയും സ്വാധീനിച്ചേക്കാം തുടങ്ങിയ സ്ഥലങ്ങളിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗെയിമിംഗ് ആപ്പിനെ പ്രമോട്ട് ചെയ്യുന്ന നടൻ ധ്യാൻ ശ്രീനിവാസന്റെ പരസ്യം ശ്രദ്ധേയമാകുന്നത്.
യുവതലമുറയെ വളരെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള ഒരു ഗെയിമിംഗ് ആപ്പിന്റെ പ്രമോഷൻ ഏറ്റെടുത്ത് അഭിനയിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമായിരുന്നു എന്ന് ചുണ്ടി കാണിച്ച് നിരവധി പേരാണ് നടനെ സോഷ്യൽ മീഡിയകളിലും മറ്റും വിമർശിക്കുന്നത്. ഈ വിഷയം ഒരു അഭിമുഖ പരിപാടിയിൽ നടനോട് അവതാരകൻ തുറന്നു ചോദിച്ചപ്പോൾ നൽകിയ മറുപടിയും വിവാദമായിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കലാകാരൻ എന്ന രീതിയിൽ ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നത് ശരിയാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് ഉത്തരമായി ‘സാമൂഹിക പ്രതിബദ്ധ തനിക്ക് ഉണ്ടെന്ന് ആരു പറഞ്ഞു ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ’ എന്നായിരുന്നു ധ്യാനം പരിഹാസത്തിൽ കലർത്തിയ മറുപടി.
ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ച് രംഗത്ത് തിരിയുകയാണ് നടൻ ജഗദീഷും.”കലാകാരന് സമൂഹത്തോട് ഒരുത്തരവാദിത്വമുണ്ട്. പണമിടപാടുകളുടെ പരസ്യത്തിലൊക്കെ അഭിനയിക്കുമ്പോൾ അതിന്റെ ആധികാരിക അന്വേഷിക്കേണ്ട ഉത്തരവാദിത്വം അതിന്റെ പരസ്യങ്ങളിൽ അഭിനയിക്കുന്നവർക്കുണ്ട്. അല്ലെങ്കിൽ നാളെ നിങ്ങൾ പറഞ്ഞിട്ടാണ് ഞങ്ങളതു വിശ്വസിച്ചത് എന്നു ആളുകൾ പറയും. അതുകൊണ്ട് ഇത്തരം പരസ്യങ്ങൾ ചെയ്യുമ്പോൾ സൂക്ഷിക്കണം. സമൂഹത്തോട് ഒരുത്തരവാദിത്വമുണ്ട്, അതിൽ നിന്നു ഒഴിഞ്ഞുമാറി നിൽക്കാനാവില്ല,” എന്നാണ് ജഗദീഷ് പറഞ്ഞത്.