Spread the love

തൃശൂർ∙ എസ്എഫ്ഐ നേതാക്കളുൾപ്പെട്ട സംഘത്തിന്റെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനത്തിനും പിന്നാലെ പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ മരിച്ച സംഭവത്തിൽ പ്രതികരണവുമായി കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. സാംസ്കാരിക കേരളത്തെ പരിഹസിച്ചുകൊണ്ടുള്ള കാർട്ടൂൺ ചിത്രം പങ്കുവച്ചാണ് സമൂഹമാധ്യമത്തിൽ റഫീഖിന്റെ പോസ്റ്റ്.

കഴിഞ്ഞ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ സിദ്ധാർഥിനെ കണ്ടെത്തിയത്. ഫെബ്രുവരി 14ന്, കോളജിലെ പരിപാടിക്കിടെ പെൺകുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞെന്ന പേരിൽ സിദ്ധാർഥനെ ഗ്രൗണ്ടിൽ സീനിയർ വിദ്യാർഥികൾ സംഘം ചേർന്നു ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തെന്നാണ് വിദ്യാർഥികൾ അറിയിച്ചത്. 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായെന്നു ദൃക്സാക്ഷിയായ വിദ്യാർഥി അറിയിച്ചു. ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു മർദനം.

കേസിൽ പ്രതികളായ 18 പേരെയും അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റവും പൊലീസ് ചുമത്തി. വീട്ടിലേക്കു പോയ സിദ്ധാർഥനെ കൃത്യമായ ആസൂത്രണത്തിനൊടുവിൽ പൂക്കോട് ക്യാംപസിലേക്കു വിളിച്ചുവരുത്തിയതിനടക്കം തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുറഞ്ഞതു 2 വർഷം വരെ തടവുശിക്ഷ കിട്ടിയേക്കാവുന്ന വകുപ്പു ചുമത്തിയത്. കൊലപാതകമെന്നു തെളിഞ്ഞാൽ പ്രതികൾക്കു ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം. ആത്മഹത്യാപ്രേരണ, റാഗിങ്, ഗുരുതരമായി മുറിവേൽപിക്കൽ, ആയുധങ്ങൾ ഉപയോഗിച്ചു മുറിവേൽപിക്കൽ, അന്യായമായി തട‍ഞ്ഞുവയ്ക്കൽ എന്നീ വകുപ്പുകളാണു മുൻപ് ചുമത്തിയിരുന്നത്.

Leave a Reply