Spread the love

കോഴിക്കോട്‌ വിമാന താവളത്തിൽ പകൽ സമയം വിമാനങ്ങൾക്കുള്ള നിയന്ത്രണം അടുത്ത മാസം പിൻവലിക്കുമെന്ന് വിമാനത്താവള ഡയറക്ടർ എസ്. സുരേഷ് പറഞ്ഞു. റൺവേ റീ കാർപെറ്റിങ് പൂർത്തിയായതോടെയാണിത്. വശങ്ങളിൽ മണ്ണിടുന്ന പ്രവൃത്തി പൂർത്തിയാകാനുണ്ട്. ജനുവരിയിലാണ് റൺവേ നവീകരണം തുടങ്ങിയത്.

2860 മീറ്റർ റൺവേയാണ് റീ കാർപെറ്റിങ് നടത്തി നവീകരിച്ചത്. സെൻട്രൽലൈൻ ലൈറ്റ്, ടച്ച് ഡൗൺ ഏരിയാ ലൈറ്റ് എന്നിവയും സ്ഥാപിച്ചു. കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് സെൻട്രൽ ലൈൻ ലൈറ്റ് ഉള്ളത്. കൊറിയയിൽനിന്നുള്ള ലൈറ്റുകളാണ് സ്ഥാപിച്ചത്. റൺവേയുടെ മധ്യത്തിൽ 30 മീറ്റർ അകലത്തിലാണ് 180 ലൈറ്റുള്ളത്‌. രാത്രിയിലും മഴ, മഞ്ഞ് സമയങ്ങളിലും റൺവേയുടെ മധ്യത്തിൽ കൃത്യതയോടെ, സുരക്ഷിതമായി വിമാനങ്ങൾ ലാൻഡ് ചെയ്യാനാകും. 2020-ലുണ്ടായ വിമാനദുരന്തം അന്വേഷിച്ച് വിദഗ്ധസമിതിയുടെ നിർദേശാനുസരണമാണ് ലൈറ്റുകൾ സ്ഥാപിച്ചത്.

റൺവേയുടെ വശങ്ങളിൽ മണ്ണിട്ട് നിരപ്പാക്കുന്ന ജോലി തുടങ്ങി. ഒരുലക്ഷം ക്യുബിക് മീറ്റർ മണ്ണ് ഇതിനുവേണം. പാരിസ്ഥിതികാനുമതിയിൽ ഇളവുകളോടെ മണ്ണ് ലഭ്യമാക്കുന്നതിന് നേരത്തേ സാങ്കേതിക തടസ്സമുണ്ടായിരുന്നു. ഇളവുലഭിച്ചതോടെ മണ്ണെത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ പ്രവൃത്തി പൂർത്തിയാകുന്നതോടെ റൺവേ 24 മണിക്കൂറും തുറക്കാനാകും.

Leave a Reply