ജിദ്ദ: സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ ബാങ്ക് ഇടപാടില്‍ നിയന്ത്രണം. ഓണ്‍ലൈന്‍ വഴി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെച്ചു. ബാങ്കിങ് രംഗത്ത് തട്ടിപ്പുകള്‍ പെരുകിയത് കണക്കിലെടുത്താണ് താത്ക്കാലിക നടപടി.
കൂടാതെ, ഇനിമുതല്‍ സൗദിയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി വിദേശത്തേയ്ക്ക് വ്യക്തികളുടെയും വ്യക്തികളുടെ പേരിലുമുള്ള സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേയ്ക്ക് ഒരു ദിവസം 6,000 റിയാല്‍ വരെ മാത്രമേ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. എന്നാല്‍, സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള നടപടി ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള മറ്റ് നടപടികള്‍ സ്വീകരിച്ചുകൊണ്ട് ഈ പരിധി ഉയര്‍ത്താന്‍ ഉപയോക്താവിന് നേരിട്ട് ബാങ്കുകളോട് ആവശ്യപ്പെടാമെന്നും സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ചു.
വഞ്ചനാപരമായി വെബ്‌സൈറ്റുകളുടെയും സാമൂഹിക മാധ്യമം വഴിയുള്ള അക്കൗണ്ടുകളുടെയും വര്‍ധനയും ബാങ്ക് ഉപയോക്താക്കളെ വിവിധ മാര്‍ഗങ്ങളിലൂടെ ലക്ഷ്യമാക്കിയുള്ള സാമ്പത്തിക തട്ടിപ്പ് കേസുകള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് സെന്‍ട്രല്‍ ബാങ്കിന്റെ ഈ നിര്‍ദേശങ്ങള്‍.
ബാങ്കുമായി ബന്ധപ്പെട്ട രഹസ്യ നമ്പറുകളും വെരിഫിക്കേഷന്‍ കോഡുകളും പോലുള്ള വ്യക്തിഗത വിവരങ്ങള്‍ ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ വെളിപ്പെടുത്തികൊടുക്കരുതെന്നും സെന്‍ട്രല്‍ ബാങ്ക് വൃത്തങ്ങള്‍ നിര്‍ദേശിച്ചു. ഔദ്യോഗികമായോ സ്വകാര്യ സ്ഥാപനങ്ങളുമായോ വിശ്വസ്തരായ വ്യക്തികളുമായോ ഇടപാട് നടത്തുന്ന ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സ്വന്തമാക്കിയാണ് സാമ്പത്തിക തട്ടിപ്പ് നടത്തുന്നത്. ഈ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കും വെരിഫിക്കേഷന്‍ കോഡിലേക്കും ആക്‌സസ് വിവരങ്ങള്‍ നല്‍കുകയും തുടര്‍ന്ന് ഉപഭോക്തൃ അക്കൗണ്ടുകളില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയുമാണ് രീതി.