സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജില്ലവിട്ടുള്ള യാത്രയ്ക്ക് നിയന്ത്രണമുണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പുതിയ ജോലിയില്‍ പ്രവേശിക്കല്‍, പരീക്ഷ, വൈദ്യചികിത്സ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കല്‍ തുടങ്ങി അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ.
അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ യാത്രചെയ്യുമ്പോള്‍ സത്യവാങ്മൂലവും തിരിച്ചറിയല്‍ കാര്‍ഡും കരുതണമെന്ന് ഡി.ജി.പി വ്യക്തമാക്കി. യാത്രകള്‍ നിയന്ത്രിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടരുത്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍, സ്ഥാപനനടത്തിപ്പുകാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശമുണ്ട്.
കേരളത്തില്‍ ലോക്ഡൗണിന്റെ മൂന്നാംഘട്ടത്തില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍, തുണിക്കട, ചെരിപ്പു കട, കുട്ടികള്‍ക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങി ചില സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.