ദുബൈ: കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവനുവദിച്ച് ദുബൈ വിദ്യഭ്യാസ വകുപ്പ്. തിങ്കളാഴ്ച മുതൽ പാഠ്യേതര പ്രവർത്തനങ്ങൾ, ഫിസിക്കൽ എഡ്യൂക്കേഷൻ, പഠനയാത്ര, പരിപാടികൾ എന്നിവക്കാണ് ദുബൈ വിജ്ഞാന-മാനവവിഭവ ശേഷി വകുപ്പ് (കെ.എച്ച്.ഡി.എ) അനുമതി നൽകിയിരിക്കുന്നത്.
സ്ഥാപനങ്ങളിലെ കാന്‍റീനുകളും ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളും തുറക്കാനും അനുവദിച്ചിട്ടുണ്ട്. എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും സർവകലാശാലകൾക്കും അംഗൻവാടികൾക്കും നിർദേശം ബാധകമാണ്.
അതിനിടെ അബൂദബി സ്കൂളുകളിൽ മുഴുവൻ കുട്ടികളും തിങ്കളാഴ്ച മുതൽ നേരിട്ട് ക്ലാസിലെത്താൻ തുടങ്ങും. കഴിഞ്ഞ ആഴ്ചയിൽ പകുതി ക്ലാസുകളിലാണ് നേരിട്ട് ക്ലാസുകൾ തുടങ്ങിയിരുന്നത്.