Spread the love

മലയാള സിനിമയുടെ ഗതിമാറ്റിയ ചിത്രം എന്ന് പലപ്പോഴും എടുത്തു പറയുന്ന ചിത്രമാണ് നൂറ് കോടി ക്ളബിൽ കയറിയ വൈശാഖ് ചിത്രം പുലി മുരുകൻ. 2016ൽ പുറത്തിറങ്ങിയ ഈ ഹിറ്റ് മോഹൻലാൽ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നുവരും എന്ന് തിരയാത്ത സിനിമ പ്രേമികൾ കുറവായിരിക്കും. ഇപ്പോഴിതാ ചിത്രം നൂറ് കോടി ക്ളബിൽ കയറിയ സിനിമയാണെങ്കിലും അതിന്റെ കടം ഇതുവരെ വീട്ടിയിട്ടില്ലെന്നും പറയുകയാണ് മുൻ ഡിജിപി ടൊമിൻ ജെ തച്ചങ്കരി. കെഎഫ്സിയുടെ മാനേജിംഗ് ഡയറക്‌ടർ ആയിരുന്ന സമയത്ത് ഇക്കാര്യം വ്യക്തമായി അറിയാമായിരുന്നെന്നും, സിനിമയുടെ പ്രൊഡ്യൂസർ കാണിച്ച കണക്കുകൾ പ്രചരിപ്പിച്ചതിൽ നിന്ന് ഏറെ വിഭിന്നമായിരുന്നെന്ന് തച്ചങ്കരി പറയുന്നു.

കേരളത്തിലെ പല നിർമ്മാതാക്കളും സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരല്ല.പ്രധാനമായും നാലോ അഞ്ചോ പേരാണ് ഫിനാൻസ് ചെയ്യുന്നത്. മലയാളത്തിലെ പ്രമുഖ നടന്മാരുമായും പ്രൊഡ്യൂസർമാരുമായെല്ലാം തനിക്ക് അടുത്ത സൗഹൃദമുണ്ടെന്നും പല നിർമ്മാതാക്കളും സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരല്ല എന്നും തച്ചങ്കരി പറയുന്നു. ഞാൻ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ എംടിയായിരുന്ന സമയത്ത് സിനിമയ‌്ക്ക് പണം നൽകിയിരുന്നു. പുലിമുരുകന് അടക്കം പണം നൽകിയത് 7-8 ശതമാനം പലിശയ‌്ക്കാണ്. എന്നാൽ സ്വകാര്യ ഫിനാൻസുകാർ 24 ശതമാനമൊക്കെയാണ് പലിശയായി ഈടാക്കുന്നത്.

പത്ത് കോടി ബഡ്‌ജറ്റിന്റെ സിനിമ നിർമ്മിക്കാൻ വരുന്നയാളുടെ കൈയിൽ ഒരു കോടിയേ കാണൂ. ബാക്കിയെല്ലാം ഇത്തരത്തിൽ പലിശയ‌്ക്കും ഒടിടി വഴിയമൊക്കെ സംഭരിക്കുന്നതാണ്. താരങ്ങൾ ഒന്ന് മനസിലാക്കേണ്ടത്, എഐയുടെ ആവിർഭാവം ഭാവിയിൽ അവരെ വലിയ രീതിയിൽ ബാധിക്കുമെന്നതാണ്.പുലിമുരുകൻ എത്ര ഹിറ്റായെന്നാണ് എല്ലാവരും പറഞ്ഞത്. അതിന് കെഎഫ്‌സിയിൽ നിന്ന് എടുത്ത ലോൺ ഇതുവരെ അടച്ചിട്ടില്ല. പ്രൊഡ്യൂസറോട് ചോദിച്ചപ്പോൾ ഈ പറയുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ എന്നാണ് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കാര്യം ബുദ്ധിമുട്ടിലാണ്. അദ്ദേഹം ആ സമയത്ത് കാണിച്ച ഫിഗർ അല്ല നമ്മുടെ അടുത്ത് വന്നപ്പോൾ കാണിച്ചത്.

Leave a Reply