നൂറു ദിന പരിപാടിയുടെ ഭാഗമായി നൂറുദിനം 200 പദ്ധതി എന്ന പ്രോഗ്രാം നടപ്പാക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റവന്യു വകുപ്പിന്റെ സമ്പൂർണ ജനാധിപത്യവത്ക്കരണമാണ് ഇതിൽ പ്രധാനം. ഇതിലൂടെ സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹാരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിൽ തന്നെ ആദ്യമായി നാഷണൽ ഹൗസ് പാർക്ക് എന്ന ആശയം നടപ്പാക്കും. ഭവന നിർമാണ വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ചു ലക്ഷം മുതൽ പത്തു ലക്ഷം രൂപ വരെ ചെലവഴിച്ച് നിർമിക്കാവുന്ന വീടുകളുടെ വിപുലമായ പ്രദർശനം ആറ് ഏക്കർ സ്ഥലത്ത് ഒരുക്കുന്നതാണ് പദ്ധതി. ഇതിനെ ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനും സാധിക്കും. രണ്ടു വർഷത്തിനുള്ളിൽ എല്ലാ റവന്യു ഓഫീസുകളും ഇ ഓഫീസുകളാക്കി മാറ്റും. ഒന്നാം വാർഷികത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും പട്ടയ മേളകൾ നടത്തും. റവന്യു വകുപ്പിന് കീഴിലുള്ള ഐ. എൽ. ഡി. എമ്മിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി അറിയിച്ചു. ഇവിടെ മൂന്ന് എം. ബി. എ കോഴ്‌സുകൾ ആരംഭിക്കും. റവന്യു ഇൻഫർമേഷൻ ബ്യൂറോയും ഇവിടം കേന്ദ്രീകരിച്ചു പ്രവർത്തിക്കും.