പെരിന്തൽമണ്ണ: സംസ്ഥാന സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ തീവ്രയത്ന പരിപാടിയുടെ ഭാഗമായി ബുധനാഴ്ച നടത്തിയ പെരിന്തൽമണ്ണ താലൂക്ക് ഫയൽ അദാലത്തിൽ എണ്ണൂറോളം ഫയലുകൾ തീർപ്പാക്കി. 15 മുതൽ അദാലത്ത് നടപടികൾ തുടങ്ങിയതിൽ പുനരധിവാസ ഭവനപദ്ധതി, അനന്തരാവകാശം എന്നിവയിൽ തീർപ്പാക്കിയ പ്രമാണങ്ങളും സർട്ടിഫിക്കറ്റുകളും നിരവധിപേർക്ക് വിതരണം ചെയ്തു.
ലഭ്യമായ അപേക്ഷകളിൽ വില്ലേജ് ഓഫീസുകളിലേക്കും മറ്റും അയച്ചുകൊടുത്ത് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരമാണിത്. ജൂലായ് ഒന്നുമുതൽ സെപ്‌റ്റംബർ 30 വരെ നടക്കുന്ന തീവ്രയത്ന പരിപാടിയിൽ താലൂക്കിലെ ആറായിരത്തോളം ഫയലുകളിലാണ് തീർപ്പാക്കൽ നടക്കുന്നത്.
ഓൺലൈനായും നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും ലഭിച്ച അപേക്ഷകളിൽ തീർപ്പാകാതെയുള്ള ഫയലുകളിലാണ് നടപടികൾ പുരോഗമിക്കുന്നത്. ജൂലായ് ഒന്നുമുതൽ 15 വരെ നടത്തിയ വില്ലേജ് ഫയൽ അദാലത്തിൽ 1,500-ഓളം ഫയലുകൾ തീർപ്പാക്കിയിരുന്നു. സെപ്‌റ്റംബർ 30-നകം തീർപ്പാക്കാവുന്ന മുഴുവൻ ഫയലുകളും പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാർ.
താലൂക്ക് കോൺഫറൻസ് ഹാളിൽ കാര്യാവട്ടം സ്വദേശി വാസു കളത്തിലിന്റെ പ്രമാണങ്ങൾ തിരികെ നൽകി ഭൂരേഖ തഹസീൽദാർ അജിത്ത് ജോയ് ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി തഹസിൽദാർ പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർമാരായ ഷിബു, സുനിൽ റോയ്, എം.കെ. സുനിൽകുമാർ, ജെയ്‌സന്റ് മാത്യു, പി. ഷാഗി, ഡി. അനൂപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.