Spread the love

മതനിരപേക്ഷതയെ തകർക്കുന്ന കടന്നുകയറ്റങ്ങളെ അനുവദിക്കില്ല – റവന്യൂ മന്ത്രി അഡ്വ കെ രാജൻ

ഭാഷ, വേഷം, മതം, സംസ്കാരം എന്നിവയുടെ വൈവിധ്യങ്ങൾക്കൊണ്ട് സമ്പന്നമായ ഭാരതത്തിന്റെ മത നിരപേക്ഷതയെ തകർക്കുന്ന കടന്നുകയറ്റങ്ങളെ ഒരു കാരണവശാലും അനുവദി ച്ചുകൊടുക്കില്ലെന്ന് റവന്യൂ മന്ത്രി അഡ്വ കെ രാജൻ. ദേശീയതയുടെ അടിത്തറയിലാണ് ഭാരതം നിലനിൽക്കുന്നത്. തൊലിപ്പുറത്തല്ല, അസ്ഥിയിലും മജ്ജയിലുമാണ് നമ്മുടെ ദേശീയതയും രാഷ്ട്രബോധവും നിലകൊള്ളുന്നത്. ഒരു മതരാഷ്ട്രമായി ഭാരതത്തെ മാറ്റിയെടുക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

75-ാ മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്യ സമര പോരാട്ടങ്ങളെയും സ്വാതന്ത്ര്യസമര ഭടന്മാരെയും രാഷ്ട്രനിർമാണത്തിൽ പ്രധാന പങ്കുവഹിച്ചവരെയും പരാമർശിച്ച റവന്യൂ മന്ത്രി ദേശീയതയുടെയും അഖണ്ഡതയുടെയും പേരുപറഞ്ഞ് രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം ഉൾപ്പെടെയുള്ള സമ്പന്നമായ ഭൂതകാലത്തെ അപനിർമിക്കാനുള്ള ഗൂഢനീക്കങ്ങൾ നടക്കുന്നുണ്ടെന്നും അതിനാൽ വർത്തമാന ഇന്ത്യയിൽ യഥാർത്ഥചരിത്രം ഇടയ്ക്കിടയ്ക്ക് ഓർക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ്
വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണ്. പ്രാദേശിക നിയന്ത്രണങ്ങൾ, വാക്സിനേഷൻ ഊർജ്ജിതമാക്കൽ എന്നിവയാണ് രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ. പൊതുനന്മയ്ക്കും സമൂഹത്തിന്റെയും വ്യക്തികളുടെയും സുരക്ഷയ്ക്കും വേണ്ടിയാണിത്. ഇങ്ങനെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതുവഴി സാധാരണ ജനജീവിതം തടസ്സപ്പെട്ടേക്കാം. പലർക്കും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാം. പക്ഷെ, ഇപ്പോഴത്തെ സാഹചര്യത്തിൽ, ഈ മഹാമാരിയെ ഏതുവിധേനയും പ്രതിരോധിക്കുക എന്നതാണ് നമ്മുടെ മുന്നിലെ പ്രധാനപ്പെട്ട ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പൊതുസമൂഹത്തിന്റെ ഉപാധികളില്ലാത്ത പിന്തുണയും സഹകരണവുമാണ് ഇക്കാര്യത്തിൽ സർക്കാരിന് ആവശ്യം. ഒത്തൊരുമിച്ചു മാത്രമേ നമുക്ക് അതിജീവിക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോക്ടർമാർ, നഴ്സുമാർ, പൊലീസ് സേന, മറ്റ് ആരോഗ്യ പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ, സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ള ആരോഗ്യ സംവിധാനത്തിന്റെ ഭാഗമായ മുഴുവൻ പേരെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നതായി മന്ത്രി പറഞ്ഞു.

ജപ്പാനിലെ ടോക്യോയിൽ ഒളിപിംക്സ് മത്സരങ്ങളിൽ പങ്കെ ടുത്ത് ഭാരതത്തിന്റെ ആത്മാഭിമാനം ലോകത്തിനുമുന്നിൽ ഉയർത്തിപ്പിടിച്ച മുഴുവൻ ഒളിംപ്യന്മാരെയും സംസ്ഥാന സർക്കാരിനുവേണ്ടി പ്രത്യേകമായി അദ്ദേഹം അഭിനന്ദിച്ചു. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം കരസ്ഥമാക്കിയ ഇന്ത്യൻ ടീമിനും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.

കേന്ദ്ര ഭരണകൂടവും സംസ്ഥാന ഭരണകൂടങ്ങളും തമ്മിൽ ഊഷ്മളവും സുദൃഢവുമായ ബന്ധം നിലനിന്നാൽ മാത്രമേ സാമ്പത്തികവും സാമൂഹ്യവുമായ വളർച്ച സാധ്യമാകൂ. സംസ്ഥാനങ്ങളുടെ അധികാരങ്ങളെ അംഗീകരിച്ചും പൗരന്മാരെ പൊതുവായി ബാധിക്കുന്ന കാര്യങ്ങളിൽ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തും സംസ്ഥാനങ്ങളെ വിശ്വാസ ത്തിലെടുത്തും മുന്നോട്ടുപോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യനീതി ഉറപ്പു വരുത്തുന്നതിനോടൊപ്പം സ്ത്രീ പുരുഷ തുല്യത കൂടി ഉറപ്പു വരുത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും നൽകിയിട്ടുള്ള പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് ഇത്തവണയും സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. തൃശൂർ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് ഇൻസ്പെക്ടർ കെ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ നാല് പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുത്തത്. സബ് ഇൻസ്പെക്ടർമാരായ എസ് സിനോജ്, കെ ഗിരീഷ് കുമാർ, എം ഡി അന്ന, എക്സൈസ് ഇൻസ്പെക്ടർ ടി ആർ രാജേഷ് എന്നിവരാണ് പ്ലാറ്റൂണുകൾ നയിച്ചത്. കെ എ പി ഒന്നാം ബറ്റാലിയനിലെ ബാന്റ് ടീമിനെ നയിച്ചത് എസ് ഐ സുരേഷ് കുമാറായിരുന്നു. ജില്ലയിലെ വിവിധ സ്കൂളുകളിലെ സംഗീത അധ്യാപകരുടെ ദേശഭക്തിഗാനത്തോടെയാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ തുടങ്ങിയത്. റൂറൽ എസ്പി ജി പൂങ്കുഴലി, സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവർ സല്യൂട്ട് സ്വീകരിച്ച് ആദരമർപ്പിച്ചു. തുടർന്ന് 9 മണിക്ക് റവന്യൂ മന്ത്രി അഡ്വ കെ രാജൻ പരേഡിനെ അഭിവാദ്യം ചെയ്ത് പതാക ഉയർത്തി.

ചടങ്ങിൽ എം എൽ എ പി ബാലചന്ദ്രൻ, കോർപറേഷൻ മേയർ എം കെ വർഗീസ്, ജില്ലാ വികസനകാര്യ കമ്മീഷണർ അരുൺ കെ വിജയൻ, അസിസ്റ്റൻ്റ് കലക്ടർ സൂഫിയാൻ അഹമ്മദ് എന്നിവർ പങ്കെടുത്തു.
ദേശീയ ഗാനത്തോടെ സ്വാതന്ത്ര്യദിനാഘോഷത്തിന് സമാപനമായി.

Leave a Reply