Spread the love

‘ജപ്പാന്റെ ബാബ വാംഗ’ റിയോ തത്സുകിയുടെ മെഗാ സുനാമി പ്രവചനം പാളിയതിന് പിന്നാലെ അത് സൃഷ്ടിച്ച അങ്കലാപ്പ് ജപ്പാന് സാമ്പത്തിക സുനാമിയായി. വിനോദസഞ്ചാര മേഖലയിൽ ജപ്പാന് 30,​000 കോടി രൂപയുടെ വരുമാനം നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ കണക്ക് സർക്കാർ അംഗീകരിച്ചിട്ടില്ല.

ജൂലായ് അഞ്ചിന് പുലർച്ചെ 4.18ന് മഹാദുരന്തം സംഭവിക്കുമെന്നായിരുന്നു മാംഗ ആർട്ടിസ്റ്റായ തത്സുകിയുടെ പ്രവചനം. മഹാ നഗരങ്ങൾ കടൽ വീഴുങ്ങുമെന്നാണ് തത്സുകി പറഞ്ഞത്. ഇതോടെ ഭൂകമ്പവും മെഗാ സുനാമിയും ഉണ്ടാകുമെന്ന ഭീതിയിലായി ജനങ്ങൾ. ദുരന്തം സംഭവിച്ചില്ലെങ്കിലും പ്രവചനം ജപ്പാന്റെ സാമ്പത്തിക രംഗത്തെയും ടൂറിസത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.

സഞ്ചാരികൾ ജപ്പാനിലേക്കുള്ള യാത്ര കൂട്ടത്തോടെ റദ്ദാക്കി. അടുത്തിടെ തീവ്രത കുറഞ്ഞ നൂറുകണക്കിന് ചെറു ഭൂചലനങ്ങൾ ഉണ്ടായത് ആശങ്ക ഇരട്ടിയാക്കി. ക്യുഷു ദീപ്വിൽ അഗ്നിപർവ്വത സ്‌ഫോടനം ഉണ്ടായതും ആശങ്ക വർദ്ധിപ്പിച്ചു. സഞ്ചാരികൾ കുറഞ്ഞതോടെ ഹോങ്കോങ്ങിൽ നിന്നുള്ള ചില ഫ്ലൈറ്റുകളും റദ്ദാക്കേണ്ടിവന്നു. ജനങ്ങളുടെ ഭീതി മാറ്റാൻ ‘താൻ ഒരു പ്രവാചക അല്ല” എന്ന് തത്സുകി പ്രസ്താവന ഇറക്കിയിട്ടും ഫലമുണ്ടായില്ല.

ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ, അഗ്നിപർവത സ്ഫോടന സാദ്ധ്യതയുള്ള പസഫിക് റിംഗ് ഒഫ് ഫയർ മേഖലയിൽ ഉൾപ്പെടുന്നതാണ് ജപ്പാൻ. ചെറു ഭൂചലനങ്ങൾ ജപ്പാനിൽ സാധാരണമാണ്. ഇവയെ അതിജീവിക്കാൻ ശേഷിയുള്ളതാണ് കെട്ടിടങ്ങൾ.

Leave a Reply