തിരുവനന്തപുരം: ഹയർ സെക്കൻഡറി ഉത്തരക്കടലാസ് പുനഃപരിശോധനയിൽ ഇനി മുതൽ ഒരു മാർക്ക് വർധിച്ചാലും വിദ്യാർഥിക്ക് ലഭ്യമാക്കും. ഇതിനനുസൃതമായി പരിഷ്കരിച്ച പരീക്ഷ മാന്വൽ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഡയറക്ടർ കെ. ജീവൻ ബാബുവിന് നൽകി പ്രകാശനം ചെയ്തു. ഇതുവരെ അഞ്ച് ശതമാനം മാർക്ക് വർധിച്ചാൽ മാത്രമേ മാറ്റം അനുവദിച്ചിരുന്നുള്ളൂ. ഉത്തരക്കടലാസ് പുനഃപരിശോധന ഇനി മുതൽ ഇരട്ടമൂല്യനിർണയമായിരിക്കും.
ഇതിലൂടെ ലഭിക്കുന്ന സ്കോറുകള്‍ പരമാവധി മാര്‍ക്കിന്റെ 10 ശതമാനത്തില്‍ താഴെയാണെങ്കില്‍ ഇങ്ങനെ ലഭിക്കുന്ന രണ്ട് സ്കോറുകളുടെയും ശരാശരി മാർക്ക് കുട്ടിക്ക് ലഭ്യമാക്കും.
വ്യത്യാസം 10 ശതമാനമോ അതിൽ കൂടുതലോ ആണെങ്കില്‍ മൂന്നാമതും മൂല്യനിര്‍ണയത്തിന് വിധേയമാക്കും. അതില്‍ ലഭിക്കുന്ന സ്കോറും ഇരട്ടമൂല്യനിര്‍ണയത്തിലൂടെ ലഭിക്കുന്ന സ്കോറുകളുമായി ഏറ്റവും അടുത്തുള്ള സ്കോറിന്റെയും ശരാശരിയായിരിക്കും നൽകുക. പുനഃപരിശോധനയിൽ ലഭിക്കുന്ന സ്കോർ കുറവാണെങ്കില്‍ ആദ്യം ലഭിച്ചത് നിലനിര്‍ത്തും.
ഹയർ സെക്കൻഡറി ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ സത്യവാങ്മൂലം വേണമെന്ന വ്യവസ്ഥ ഒഴിവാക്കി. പകരം നോട്ടറിയിൽ നിന്നുള്ള സത്യവാങ്മൂലം മതി. ഹയർ സെക്കൻഡറി പരീക്ഷയിൽ ഏതെങ്കിലും വിഷയത്തിൽ പരാജയപ്പെടുന്നവർ ഈ വിഷയത്തിന്റെ രണ്ടു വർഷത്തെയും പേപ്പറുകൾ എഴുതണമെന്ന (കമ്പാർട്ട്മെന്റൽ) വ്യവസ്ഥയും ഒഴിവാക്കി. പകരം ജയിക്കാനാകാത്ത വിഷയങ്ങള്‍ക്ക് ഒന്നാം വര്‍ഷമോ രണ്ടാം വര്‍ഷമോ താല്പര്യമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതാം.
ഒന്നാം വര്‍ഷ പരീക്ഷയാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ രണ്ടാം വര്‍ഷത്തെ പരീക്ഷയുടെ ഉയര്‍ന്ന സ്കോറും രണ്ടാം വര്‍ഷ പരീക്ഷയാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ ഒന്നാം വര്‍ഷത്തെ ഉയര്‍ന്ന സ്കോറും നിലനിര്‍ത്തും.