Spread the love

തിരുവനന്തപുരം: അപകടത്തിൽ പരുക്കേറ്റ തന്നെ ആശുപത്രിയിൽ എത്തിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങളെ വിമർശിച്ച സംവിധായകനും നടനുമായ ജോയ് മാത്യുവിനു മറുപടിയുമായി ഡിവൈഎഫ്ഐ. താങ്കളെ ആശുപത്രിയിലെത്തിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് സംസ്ഥാന – പ്രാദേശിക നേതൃത്വമോ, ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും പ്രവർത്തകനോ അവകാശപ്പെട്ടോയെന്നും ഉണ്ടെങ്കിൽ അതു പൊതുസമൂഹത്തിന് മുന്നിൽ നൽകണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ.സനോജ് സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു.

ഒരു കയ്യിൽ പൊതിച്ചോറും മറുകയ്യിൽ കഠാരയുമായി നടക്കുന്ന കൂട്ടർ എന്ന ജോയ് മാത്യുവിന്റെ പരിഹാസത്തിനും സനോജ് മറുപടി നൽകി. കേരളത്തിന്റെയെന്നല്ല രാജ്യത്തിന്റെ ചരിത്രത്തിൽ പോലും ഏതെങ്കിലും യുവജന സംഘടന ഇതുപോലൊരു പരിപാടി ഇത്രയും കാലം തുടർച്ചയായി നടത്തി വിജയിപ്പിച്ചിട്ടില്ലെന്ന് സനോജ് പറഞ്ഞു. കേരളത്തിലെ ലക്ഷക്കണക്കിനു വീടുകളിൽനിന്നു നല്ലവരായ അനേകം മനുഷ്യർ കക്ഷി, രാഷ്ട്രീയ – ജാതി, മത ഭേദമന്യേ നൽകിയ കോടിക്കണക്കിനു പൊതിച്ചോറുകളാണ്, അരശരണരായ അനേകം കോടി മനുഷ്യരുടെ വിശപ്പകറ്റുന്നത്. ആരുടെ കൈയ്യിലാണു കഠാരയുള്ളതെന്നും തോക്കിൻകുഴലുമായി കാട്ടിൽ വിപ്ലവം ഇണ്ടാക്കാൻ പോയ ജോയ് മാത്യുവിനു ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ ഇങ്ങനെ പറയാനെന്നും സനോജ് ചോദിച്ചു.

Leave a Reply