Spread the love
അരി 5 കിലോ പാക്കറ്റിന് 10 രൂപവരെ വിലകൂടി

മലപ്പുറം: പുതിയ നികുതി പരിഷ്കാരം വിപണിയിൽ പ്രതിഫലിച്ചു തുടങ്ങി; 25 കിലോയിൽ താഴെയുള്ള അരി പാക്കറ്റുകളിൽ പുതിയ വിലയുടെ സ്റ്റിക്കറുകൾ പലയിടങ്ങളിലും വന്നു. അഞ്ചു കിലോ പാക്കറ്റുകളിൽ 5 രൂപ മുതൽ 10 രൂപവരെ വില വർധനയുണ്ട്. 25 കിലോയ്ക്ക് താഴെ തൂക്കമുള്ളതും പാക്ക് ചെയ്തു ലേബൽ പതിച്ചതുമായ ധാന്യങ്ങൾ, പയറു വർഗങ്ങൾ, ധാന്യപ്പൊടികൾ എന്നിവയ്ക്ക് 18 മുതലാണ് 5% ജിഎസ്ടി പ്രാബല്യത്തിലായത്. അടുക്കളയിൽ ആവശ്യമുള്ള വിഭവങ്ങളിൽ ഭൂരിഭാഗവും ധാന്യങ്ങളും പയറു വർഗങ്ങളും ധാന്യപ്പൊടികളുമാണ്.

ഇവയെല്ലാം നികുതി പരിധിയിൽ വരുന്നതിനാൽ കുടുംബ ബജറ്റിനെ അതു കാര്യമായി ബാധിക്കും. ജിഎസ്ടി ബാധകമാക്കുന്നതിനു മുൻപുള്ള സ്റ്റോക്കുകൾ പഴയ വിലയ്ക്കു തന്നെയാണ് ഭൂരിഭാഗം വ്യാപാരികളും വിൽക്കുന്നത്. പുതിയ സ്റ്റോക്ക് വരുന്ന മുറയ്ക്ക് നികുതി ഉൾപ്പെടെയുള്ള അധിക വില ഉൽപന്നങ്ങൾക്കു ചുമത്തിത്തുടങ്ങും. അരി, മറ്റു ധാന്യങ്ങൾ, പയറുവർഗങ്ങൾ, ധാന്യപ്പൊടികൾ എന്നിവയ്ക്കെല്ലാമായി ഒരു മാസം 5000 രൂപ ചെലവഴിക്കുന്ന കുടുംബത്തിന് 5% നികുതി കൂടിയാകുമ്പോൾ 250 രൂപ ഒരുമാസം അധികം ചെലവു വരും.

ഒരു വർഷത്തേക്കു നോക്കിയാൽ 3000 രൂപയാണ് ഈ ഇനങ്ങളുടെ നികുതിയായി മാത്രം നൽകേണ്ടി വരിക. ഈ ഇനങ്ങൾക്കായി 10,000 രൂപ ചെലവഴിക്കുന്ന കുടുംബമാണെങ്കിൽ പ്രതിമാസം 500 രൂപയുടെ അധികച്ചെലവ്. വർഷത്തേക്കു നോക്കിയാൽ 6,000 രൂപ നികുതിയിനത്തിൽ നൽകേണ്ടി വരും.

ബാധിക്കുന്നത് സാധാരണക്കാരെ

25 കിലോയ്ക്ക് മുകളിലേ നികുതിയിളവു ലഭിക്കൂ എന്നതിനാൽ നികുതി വർധന ഏറെയും ബാധിക്കുക സാധാരണക്കാരെയും അണുകുടുംബങ്ങളെയും. ദിവസക്കൂലിക്കും ആഴ്ചക്കൂലിക്കും ജോലി ചെയ്യുന്ന ഒട്ടേറെപ്പേർ നാട്ടിലുണ്ട്. ഇത്രയും വലിയ അളവി‍ൽ അരി ഉൾപ്പെടെയുള്ളവ വാങ്ങി സൂക്ഷിക്കാനുള്ള സാമ്പത്തികശേഷി ഭൂരിഭാഗം കുടുംബങ്ങൾക്കുമില്ല.
മാത്രമല്ല അരി ഒഴികെയുള്ള ധാന്യങ്ങളും ധാന്യപ്പൊടികളും പയറുവർഗങ്ങളും 25 കിലോയ്ക്കു മുകളിൽ വാങ്ങേണ്ട ആവശ്യം 90% കുടുംബങ്ങൾക്കുമില്ല.ആട്ടയൊക്കെ 25 കിലോയ്ക്കു മുകളിൽ വാങ്ങി സൂക്ഷിക്കുന്ന കുടുംബങ്ങൾ തുലോം കുറവായിരിക്കും.

Leave a Reply