Spread the love

ഇടുക്കി ചിന്നക്കനാലില്‍ അരി കൊമ്പന്‍ എന്ന കാട്ടാനയെ മയക്കു വെടി വച്ചു പിടിക്കുന്ന ദൗത്യം 29-ാം തീയതി വരെ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കോടതി നിര്‍ദ്ദേശിച്ച സുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍.

ഇതു സംബന്ധിച്ച് കോട്ടയം വനം സി. സി. എഫ് ഓഫീസില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോടതി ആവശ്യപ്പെട്ട പ്രകാരം ചിന്നക്കനാല്‍ കോളനി പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. പ്രദേശത്ത് അനിഷ്ഠ സംഭവങ്ങള്‍ ഉണ്ടാകാതെയിരിുക്കുന്നതിനുള്ള പ്രവര്‍ത്തന ക്രമീകരണം നടത്തിക്കഴിഞ്ഞു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമുറപ്പാക്കുന്നതിന് സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.29-ന് വാദം കേള്‍ക്കുന്ന ഘട്ടത്തില്‍ കാര്യത്തിന്റെ ഗൗരവം കോടതിയെ ധരിപ്പിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇതിനായി ആവശ്യമായ എല്ലാ രേഖകളും കോടതിയില്‍ ഹാജരാക്കും. ആനയെ മയക്കുവെടി വച്ച് പിടികൂടുന്ന നടപടികള്‍ മാത്രമാണ് നിര്‍ത്തിവച്ചിട്ടുള്ളത്. രണ്ടു കുങ്കിയാനകള്‍ കൂടി ഉടൻ എത്തും.മറ്റ് ക്രമീകരണങ്ങള്‍ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള സമഗ്രവും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള പദ്ധതികളുടെ നിര്‍ദേശം ചര്‍ച്ചയില്‍ ഉണ്ടായിട്ടുണ്ട്. കൂടുതല്‍ പഠനത്തിലൂടെ നടപടികള്‍ ആവിഷ്‌ക്കരിക്കും. ആനയുടെ നീക്കങ്ങള്‍ വനം വകുപ്പ് നിരീക്ഷിച്ച് വരുകയാണ്. ജനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.പിടികൂടുന്ന വന്യമൃഗങ്ങളെയും വനം വകുപ്പ് സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ചര്‍ച്ചയില്‍ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍, മുഖ്യവനം മേധാവി ബെന്നിച്ചന്‍ തോമസ്, ഹൈക്കോടതിയിലെ സ്‌പെഷ്യല്‍ ഗവ.പ്ലീഡര്‍ അഡ്വ.നാഗരാജ്, ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഗംഗാസിംഗ്, പിസിസിഎഫ് ജയപ്രസാദ്, എപിസിസിഎഫ് ഡോ.പി.പുകഴേന്തി, വനം വകുപ്പിലെ ഉന്നത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply