മകനുവേണ്ടി അമ്മ താലി ചാർത്തിയ കഥ കേട്ടിട്ടുണ്ടോ? ഇക്കഴിഞ്ഞ ദിവസം പ്രശസ്ത നടൻ നെപ്പോളിയന്റെ മകൻ ധനൂഷ് വിവാഹിതനായപ്പോൾ അങ്ങനെ ഒരു കാര്യവും നാം കണ്ടിരുന്നു. മസ്കുലാർ ഡിസ്ട്രോഫി ബാധിതനായ ധനൂഷിനു വേണ്ടി അമ്മ വധു അക്ഷയയുടെ കഴുത്തിൽ താലി ചാർത്തുകയായിരുന്നു.
കാർത്തി, ശരത്കുമാർ, മീന, ഖുശ്ബു, സുഹാസിനി തുടങ്ങി തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളടക്കം പങ്കുചേർന്ന കല്യാണവും അതിന്റെ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. താരപുത്രന്റെ കല്യാണം ചർച്ചയായതോടെ ‘വൈകല്യമുള്ള താരപുത്രന് എങ്ങനെ പെണ്ണ് കിട്ടി?’, ‘ക്യാഷ് ഉള്ള നെപ്പോളിയൻ തന്റെ മകനുവേണ്ടി കല്യാണ പെണ്ണിനെ വിലയ്‌ക്കെടുത്തു’ തുടങ്ങിയ ക്രൂര വിമർശനങ്ങൾ പിന്നാലെ സൈബർ ഇടങ്ങളിൽ നിറഞ്ഞിരുന്നു. ഇതിനു മറുപടിയുമായി നടി മീന അടക്കമുള്ളവർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
നിർബന്ധിച്ചോ മറ്റുമുള്ള വിവാഹമല്ല. പെണ്ണിന് ചെക്കനേയും ചെക്കന് പെണ്ണിനേയും ഇഷ്‌ടമായി. കല്യാണപ്പെണ്ണ് മുൻകൈ എടുത്ത് ഇഷ്‌ടം അറിയിച്ച വിവാഹമാണിത്. ഇനി കൂട്ടുകാർ ആരെങ്കിലും, തന്റെ ഭാവി ഓർത്ത് വധു അക്ഷയയെ സമ്മതിപ്പിച്ചതാണോ എന്നറിയാൻ ധനുഷ് വീണ്ടും നേരിട്ട് പോയി വധുവിനോട് സംസാരിച്ചുവെന്നും ഈ വിവാഹം വേണമോ, ഓക്കേ ആണോ എന്നെല്ലാം ചോദിച്ച ശേഷം മാത്രമാണ് മുന്നോട്ടു പോയതെന്നും മീന പറയുന്നു
നെപ്പോളിയനും നല്ല മനസിന്റെ ഉടമയാണ്. അദ്ദേഹമായി പോയതല്ല, അവരെ തേടിവന്ന വിവാഹമാണിത്. ഇത്രയും നല്ല കുടുംബത്തിൽ ആ പെൺകുട്ടി ജീവിക്കുന്നത് വളരെ നല്ലൊരു കാര്യമാണ്. പെൺകുട്ടിയുടെ അമ്മയുടെയും അച്ഛന്റെയും മനസിലും അക്കാര്യത്തിൽ സന്തോഷമാണ്. ആഡംബരപൂർണമായ പല വിവാഹങ്ങളും നമ്മൾ കണ്ടിരിക്കും. നല്ല മനസുള്ളവർക്ക് നല്ലതു വരും എന്ന് പറയുന്നത് വാസ്തവമാണ്’ എന്നും മീന സാഗർ പറയുന്നു.
അതേസമയം വളരെ ചെറിയ പ്രായത്തിൽ തന്നെ നെപ്പോളിയന്റെ മകൻ ധനുഷിന് നടക്കാൻ പ്രയാസമായിരുന്നു. മസ്കുലാർ ഡിസ്ട്രോഫി വന്ന് പിന്നീട് ചലനശേഷി നഷ്ടപ്പെട്ടു.മകന്റെ ചികിത്സക്കായാണ് നെപ്പോളിയൻ സകുടുംബം അമേരിക്കയിലേക്ക് താമസം മാറ്റിയത്.നാട്ടിലെ സിദ്ധവൈദ്യം ഏറെക്കാലം പരീക്ഷിച്ചു. എന്നിട്ടും ഫലം കാണാതെ വന്നപ്പോൾ നെപ്പോളിയനും കുടുംബവും അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു.