മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഭര്‍ത്താവ് മെഹ്നാസിന്റെ കാസര്‍കോട്ടുള്ള വീട്ടിലെത്തി അന്വേഷണ സംഘം. മെഹ്നാസിന്റെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. ജംഷാദ് ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളില്‍ നിന്നും പോലീസ് മൊഴിയെടുത്തു.
എന്നാല്‍ മെഹ്നാസ് എവിടെയെന്ന് വ്യക്തമായിട്ടില്ല. റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന് പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. റിഫയുടെ മകനെയും കുടുംബത്തെയും കാണാന്‍ വരാത്തതും അവരുമായി അവരുമായി ബന്ധപ്പെടാത്തതും ഇക്കാരണത്താലാണെന്നാണ് അന്വേഷണസംഘം കരുതുന്നത്.
കേസന്വേഷണം ദുബൈയിലേക്ക് കൂടി വ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. മെഹ്നാസിനെതിരെ നിലവില്‍ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. ഇവരുടെ സുഹൃത്ത് ജംഷാദിനെ നേരത്തെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ജംഷാദില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുതിയ തലത്തിലേക്ക് കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.