തമിഴ് ഗായിക സുചിത്രയ്ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ. റിമയുടെ വസതിയിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണത്തിലാണു നടപടി. സുചിത്രയ്ക്ക് ഇന്ന് വക്കീൽ നോട്ടിസ് അയയയ്ക്കും.
നിരോധിതമായ ലഹരി വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ആയിരുന്നു സുചിത്ര റിമയ്‌ക്കെതിരെ ആരോപിച്ചിരുന്നത്.
ലഹരി ഉപയോഗമൂലമാണ് റിമയുടെ ആക്ടിങ് കരിയർ തകർന്നത്. നടി വീട്ടിൽ ലഹരി പാർട്ടികൾ നടത്താറുണ്ടെന്നും ഒരിക്കലും ഉപയോഗിച്ചുകൂടാത്ത ചില ലഹരി വസ്തുക്കൾ ഈ പാർട്ടികളിൽ ഉപയോഗിച്ചിരുന്നു എന്നുമായിരുന്നു സൂചിയുടെ ആരോപണം. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളായിട്ട് നിങ്ങൾ ഇങ്ങനെയാണോ ചെയ്യുന്നതെന്ന് റിമയോട് ആരും ചോദിക്കുന്നില്ല എന്നും, റിമ നടത്തുന്ന ഇത്തരം പാർട്ടിയിലൂടെ എത്രയോ പെൺകുട്ടികളും ചെറുപ്പക്കാരുമാണ് ലഹരി ഉപയോഗിക്കുന്നതെന്നും സുചി പറഞ്ഞിരുന്നു.
റിമയെക്കുറിച്ച് ആ സമയം ഇതൊക്കെ അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും ഈ പാർട്ടികളിൽ പങ്കാളികളായ സംഗീതസംവിധായകരായ ചില സുഹൃത്തുക്കളാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും സുചി പറഞ്ഞിരുന്നു. നടിയുടെ പാർട്ടികളിൽ പങ്കെടുക്കുമ്പോൾ അവിടെയുള്ള ചോക്ലേറ്റ് പോലും ഭയം കാരണം തങ്ങൾ തൊടാറില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞിരുന്നതായും സൂചി കൂട്ടിച്ചേർത്തിരുന്നു.