Spread the love

മനോഹരമായ പാട്ടുകളിലൂടെയും വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയും മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ ഗായികയാണ് റിമി ടോമി. കഠിനാദ്ധ്വാനം കൊണ്ട് സിനിമാ സംഗീത ലോകത്തേക്ക് കടന്നു വന്ന റിമിയുടെ ജീവിതത്തിൽ സംഭവിച്ച അധികമാർക്കുമറിയാത്ത ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

മറ്റാരുടെയും സഹായമില്ലാതെ, സ്വയം തയ്യാറാക്കിയ അപേക്ഷകളയച്ച് ഓഡീഷനുകളിൽ പങ്കെടുത്ത് കഴിവ് തെളിയിച്ചാണ് റിമി ടോമി അവസരങ്ങൾ നേടിയത്. ഒരു കാലത്ത് സ്‌റ്റേജ് ഷോകളുടെ വിജയത്തിന് റിമി ടോമിയുടെ സാന്നിദ്ധ്യം അനിവാര്യമായിരുന്നു. റിമിയുടെ കടന്നുവരവിന് മുമ്പ് ഗായികമാർ മൈക്കിന് മുമ്പിൽ നോട്ടുപുസ്തകവുമായി നിന്ന് പാടുന്നതാണ് നമ്മൾ കണ്ടിട്ടുള്ളത്. ഈ രീതിയെ മൊത്തം പൊളിച്ചടുക്കിയത് റിമിയുടെ കടന്നുവരവാണ്. ഡാൻസും പാട്ടുമൊക്കെയായി ആകെയൊരു ഇളക്കിമറിക്കൽ. റിമി കൊണ്ടുവന്ന ഈ മാറ്റം ഇന്ന് ഗാനമേളകളിൽ സർവ സാധാരണം. മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം അവരുടെ ആഘോഷങ്ങളിൽ റിമിയെക്കൂടി ഉൾപ്പെടുത്താൻ അവർ മത്സരിച്ചു

റിമിക്ക് കലാരംഗത്ത് ശത്രുക്കൾ കുറവാണ്. അഥവാ ശത്രുക്കളുണ്ടെങ്കിൽ അവർ പറയുന്നത്, ഒരു സ്‌ക്രൂവിന്റെ പിരി അൽപം മുറുക്കാനുണ്ടെന്ന് മാത്രമാണ്. ചെറിയ പ്രശ്നത്തിൽ പോലും പെട്ടെന്ന് ഇമോഷണലാകുന്നയാളാണ് റിമി. ഒരിക്കൽ എന്റെ ഒരു ചിത്രത്തിൽ പാടാനായി മദ്രാസിൽ വന്നു. രഘുകുമാർ ആയിരുന്നു അതിന്റെ സംഗീത സംവിധായകൻ. രഘു നിർദേശിച്ച ഗായികയെ മാറ്റിയിട്ടാണ് ഞാൻ റിമിക്കായി അവസരമൊരുക്കിയത്.

പാട്ടുകഴിഞ്ഞ് റിമി വെളിയിൽ ഇറങ്ങുമ്പോൾ ഞാൻ അടുത്തേക്ക് ചെന്നു. കണ്ണീരൊഴുക്കുന്ന റിമിയേയാണ് ഞാൻ കണ്ടത്. എത്ര ചോദിച്ചിട്ടും കാര്യം പറഞ്ഞില്ല. ഫ്‌ളൈറ്റിന്റെ സമയമായതിനാൽ പെട്ടെന്ന് എന്നോട് യാത്ര പറഞ്ഞിറങ്ങി. ഞാൻ അകത്തുപോയി കാര്യം തിരക്കിയപ്പോൾ അറിഞ്ഞു, മ്യൂസിക് ഡയറക്ടർ ഒരു കാര്യവുമില്ലാതെ അവരോട് ദേഷ്യപ്പെട്ടെന്ന്. അപ്പോഴെനിക്ക് കാര്യം മനസിലായി. അദ്ദേഹം പറഞ്ഞ ഗായികയെക്കൊണ്ട് പാടിക്കാത്തതിന്റെ ദേഷ്യം റിമിയോട് തീർത്തതാണ്.

ഇതുപോലെ റിയാലിറ്റി ഷോയിലെ ജഡ്ജായ റിമിക്ക് കരഞ്ഞുകൊണ്ട് അവിടെ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നിട്ടുണ്ട്. സീനിയർ ജഡ്ജിനൊപ്പം ജൂനിയർ ജഡ്ജ് ഇരുന്ന് നല്ല കമന്റ് പറയുകയും മാർക്ക് ഇടുകയും ചെയ്തപ്പോൾ സീനിയർ ജഡ്ജിന് ഹേർട്ടായി. അദ്ദേഹം റിമിയെ കളിയാക്കി ആക്ഷേപിച്ചു. റിമി അവിടെ നിന്നും സങ്കടപ്പെട്ട് ഇറങ്ങിപ്പോയ സംഭവം എല്ലാവർക്കും അറിയാവുന്നതാണ്. പിന്നീട് ഒരു ഗായകൻ അവരെ ഇല്ലാതാക്കാനുള്ള ശ്രമത്തിൽ അവർക്കിനി പാടാൻ കഴിയില്ലെന്ന് വിധിയെഴുതി അവസരങ്ങൾ നഷ്ടപ്പെടുത്താൻ ശ്രമിച്ചപ്പോൾ അയാളുമായി റിമി വർഷങ്ങളോളം സഹകരിക്കാതിരുന്നു. കൂടെ നിന്ന് ചതിച്ച അയാളുടെ ഫോൺ നമ്പർ പോലും റിമി ബ്ലോക്ക് ചെയ്തു.’- ആലപ്പി അഷ്റഫ് പറഞ്ഞു.

Leave a Reply