കൊളംബോ: ശ്രീലങ്കയിൽ കലാപം രൂക്ഷമാക്കുന്നു. ലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ വസതിയിലേയ്‌ക്ക് പ്രക്ഷോഭകർ ഇരച്ചുകയറി. ആയിരക്കണക്കിന് ആളുകളാണ് പ്രസിഡന്റിന്റെ വസതിയിലേയ്‌ക്ക് പ്രതിഷേധവുമായി വന്നത്. സുരക്ഷ ഉദ്യോഗസ്ഥർക്ക് നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലുള്ള ജനക്കൂട്ടമാണ് വീട്ടിലേയ്‌ക്ക് ഇരച്ചുകയറിയത്. ഇതോടെ ഗോതബായ രജപക്‌സെ വസതിയിൽ നിന്നും മാറി. പ്രസിഡന്റ് രാജ്യം വിട്ടതായാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്ക. ഭക്ഷ്യ-ഇന്ധന ദൗർലഭ്യം, വിദേശ കറൻസി തീർന്നതും കുതിച്ചുയരുന്ന പണപ്പെരുപ്പവുമെല്ലാം ശ്രീലങ്കയെ വളരെയധികം ബാധിച്ചിരിക്കുകയാണ്. പെട്രോൾ വിതരണം രാജ്യത്ത് ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. പ്രതിപക്ഷ പാർട്ടികളും ജനങ്ങളും വലിയ പ്രതിഷേധവുമായി മാസങ്ങളായി തെരുവുകളിലാണ്. വലിയ കലാപമാണ് ശ്രീലങ്കയുടെ മണ്ണിൽ പൊട്ടിമുളയ്‌ക്കുന്നത്.
തലസ്ഥാന നഗരിയിൽ വൻതോതിൽ പ്രതിഷേധക്കാർ ഒത്തുകൂടിയതോടെ സൈന്യത്തിനും പോലീസ് ഉദ്യോഗസ്ഥർക്കും നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ്. രജപക്‌സെയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് മുന്നോടിയായി ഭരണകൂടം കർശനമായ കർഫ്യൂ നടപ്പാക്കിയിരുന്നു. എന്നിരുന്നാലും, ഒറ്റ രാത്രികൊണ്ടാണ് വലിയ ജനക്കൂട്ടം പ്രസിഡന്റിന്റെ വസതിയിലേയ്‌ക്ക് ഇരച്ച് കയറിയിരിക്കുന്നത്. ഇതോടെ പ്രസിഡന്റിന് രാജി വെയ്‌ക്കേണ്ടി വരുന്ന അവസ്ഥയിലേയ്‌ക്കാണ് ശ്രീലങ്ക നീങ്ങുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.