റിയാദ് : സൗദിയിൽ ഷോപ്പിങ് മാളുകളിലെ സ്വദേശിവൽക്കരണം നിലവിൽ വന്നു. ഒരു വർഷത്തെ സാവകാശം ബുധനാഴ്ച അവസാനിച്ചതോടെ അഡ്മിനിസ്ട്രേഷൻ ഉൾപ്പെടെ മുഴുവൻ തൊഴിലുകളും സ്വദേശിവൽക്കരിച്ചു.
ശുചീകരണം, വിനോദ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾ, കയറ്റിറക്ക് എന്നീ വിഭാഗങ്ങൾ മാത്രമേ സൗദിവൽക്കരണത്തിൽനിന്ന് ഒഴിവാക്കിയിട്ടുള്ളൂവെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. എന്നാൽ ഈ വിഭാഗം തൊഴിലാളികളുടെ എണ്ണം ഒരു ഷിഫ്റ്റിൽ ജോലി ചെയ്യുന്ന മൊത്തം തൊലിലാളികളുടെ 20 ശതമാനത്തിനും കൂടാൻ പാടില്ലെന്ന നിബന്ധനയുണ്ട്. ഇവർക്ക് യൂനിഫോമും നിർബന്ധമാക്കി.
സ്വദേശിവൽക്കരണം കർശനമാക്കിയതോടെ ഈ രംഗത്ത് ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾക്കു ജോലി നഷ്ടമായി. സമസ്ത മേഖലകളിലും സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത് ശക്തമായതിനാൽ ഇവർക്ക് മറ്റു ജോലി കണ്ടെത്തുക ശ്രമകരമാണ്. നിയമം ലംഘിച്ച് ജോലി ചെയ്യുന്ന വിദേശികളെ കണ്ടെത്താൻ പരിശോധനയും ശക്തമാക്കി. സെയിൽസ്മാൻ, ഷോപ്പ് ഇൻ ചാർജ്, അക്കൗണ്ടന്റ്, മാനേജർ തുടങ്ങി മാളുകളിലെ വിവിധ മേഖലകളിൽ പ്രത്യക്ഷമായും പരോക്ഷമായും മലയാളികളടക്കം ഒട്ടേറെ വിദേശികൾ ജോലി ചെയ്തിരുന്നു. സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാകുന്നതോടെ ജോലി നഷ്ടപ്പെട്ട ഇവർ തിരിച്ചുപോകേണ്ടിവരും. അല്ലെങ്കിൽ അവശേഷിക്കുന്ന തസ്തികയായ ശുചീകരണ തൊഴിലാളിയായി മാറേണ്ടിവരും.നിലവിൽ ലഭിച്ചിരുന്ന ശമ്പളവും പദവിയും കളഞ്ഞ് ഇതിന് ആരും മുതിരില്ലെന്നിരിക്കെ സൗദിയിൽനിന്ന് വിദേശികളുടെ മടക്കയാത്ര ഇനിയും വർധിക്കും. തിരിച്ചുപോകുകയോ മറ്റു രാജ്യങ്ങളിൽ തൊഴിൽ തേടുകയോ ചെയ്യാനുള്ള ഒരുക്കത്തിലാണ് മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ.