വിവാഹ സ്വപ്നങ്ങളുമായി ദുബായിൽ നിന്ന് വിമാനം കയറിയ ഇരുപത്തിനാലുകാരനായ റിയാസിനെയും വിമാന അപകടം തട്ടിയെടുത്തു. നാടിനും വീടിനും പ്രീയപ്പെട്ടവനായിരുന്നു റിയാസ്. ഇന്നേക്ക് 17-ാം ദിവസം റിയാസിന്റെ വിവാഹനിശ്ചയം നടക്കേണ്ടതായിരുന്നു. ഇന്നലെ ഉച്ചയോടെ മുണ്ടക്കുറുശ്ശി മോളൂർ വട്ടപറമ്പിൽ വീട്ടിലേക്ക് എത്തിയത് ആ യുവാവിന്റെ ചേതനയറ്റ ശരീരമായിരുന്നു. മക്കൾ രണ്ടും എത്തിയ ശേഷം മുണ്ടക്കോട്ടുകുർശ്ശി മോളൂരിലെ വട്ടപ്പറമ്പിൽ വീട്ടിൽ വിവാഹ ഒരുക്കങ്ങൾ തുടങ്ങനിരിക്കുകയായിരുന്നു മാതാവും പിതാവും
സഹോദരൻ നിസാമുദ്ദീനും സുഹൃത്ത് മുഹമ്മദ് മുസ്തഫയ്ക്കും ഒപ്പമാണ് റിയാസ് ദുബായിൽ നിന്ന് തിരിച്ചത്. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും റിയാസ് അർദ്ധരാത്രിയോടെ മരിക്കുകയായിരുന്നു.
കഴിഞ്ഞമാസം നടത്താനിരുന്ന വിവാഹ നിശ്ചയം കൊവിഡ് യാത്രാപ്രശ്‌നം കാരണം മാറ്റുകയായിരുന്നു. ഒരു വർഷം മുമ്പാണ് മുഹമ്മദ് റിയാസ് ദുബായിലേക്ക് പോയത്. ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിൽ കെ.എസ്.യുവിന്റെ യൂണിയൻ ചെയർമാനായിരുന്നു.കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ വീട്ടിലെത്തിച്ച് മോളൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി