തിരുവനന്തപുരം ∙ റോഡ് സുരക്ഷാ ക്യാമറയുമായി ബന്ധപ്പെട്ട് ലാപ്ടോപ് വാങ്ങിയതിലും വൻതോതിലുള്ള അഴിമതി നടന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കരാറിൽ പറയുന്ന സ്പെസിഫിക്കേഷൻ പ്രകാരം 57,000 രൂപയ്ക്ക് ഒരു ലാപ്ടോപ് കിട്ടും. എന്നാൽ ഇപ്പോൾ വാങ്ങിയിരിക്കുന്നത് 1.48 ലക്ഷം രൂപയ്ക്കാണ്. ആകെ 358 ലാപ്ടോപ്പുകൾ ഏതാണ്ട് 5 കോടി രൂപയ്ക്കാണ് വാങ്ങിയത്. എന്നാൽ വെറും 2 കോടി രൂപയ്ക്ക് ഇവ വാങ്ങാൻ കഴിയുമായിരുന്നു. വിപണിയിലുള്ളതിനെക്കാൾ മൂന്നിരട്ടി തുക നൽകിയാണ് ലാപ്ടോപ്പുകൾ വാങ്ങിയത്.
151 കോടി രൂപ ടെൻഡർ ചെയ്തു പരിപാലനം ഉൾപ്പെടെ 232 കോടിയിലേക്ക് വന്നത് ഇതുകൊണ്ടാണ്. ലാപ്ടോപ്പുമായി ബന്ധപ്പെട്ട രേഖകളും രമേശ് പുറത്തു വിട്ടു. വൻ തീവെട്ടിക്കൊള്ളയാണ് ഇടപാടിൽ നടന്നതെന്നു ബോധ്യപ്പെട്ടതിനാലാണ് ഹൈക്കോടതി ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിച്ചത്. മൂന്നിരട്ടി തുകയ്ക്ക് ലാപ്ടോപ്പുകൾ വാങ്ങിയ വിവരവും കോടതിയെ അറിയിക്കും.
ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മിണ്ടുന്നില്ല. ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇക്കാരണത്താലാണ് കോടതിയിൽ പോയതെന്ന് രമേശ് പറഞ്ഞു.