
തിരുവനന്തപുരം∙ റോഡ് ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ച് പി.സി.വിഷ്ണുനാഥ്. ഉപകരാര്‍ നേടിയ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും അതിന്റെ രേഖകള്‍ കൈവശമുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ മകനെതിരായ പരാമര്‍ശം രേഖകളില്‍നിന്നു നീക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനം കണ്ട വലിയ അഴിമതിയാണ് റോഡ് ക്യാമറ പദ്ധതിയെന്ന് വിഷ്ണുനാഥ് പറഞ്ഞു. ‘‘വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ മോഷണം തടയാനാണ് ക്യാമറ വയ്ക്കുന്നത്. എന്നാല്‍ മോഷ്ടിക്കാന്‍ വേണ്ടി ക്യാമറ വച്ച ലോകത്തെ ആദ്യത്തെ സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാര്‍.
പദ്ധതിക്കായി കെല്‍ട്രോണിനെ ചുമതലപ്പെടുത്തിയപ്പോള്‍ ധനകാര്യവകുപ്പ് നോണ്‍ പിഎംസി വര്‍ക്കാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ധനവകുപ്പിന്റെ ഉത്തരവിനു വിരുദ്ധമായി കെല്‍ട്രോണിനെ പിഎംസി വര്‍ക്കാണ് ഇപ്പോള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.
ഇത്തരം പദ്ധതികള്‍ നടപ്പാക്കി അനുഭവസമ്പത്തില്ലാത്ത കെല്‍ട്രോണ്‍ 70-80 കോടി ചെലവുള്ള പദ്ധതിക്കു വേണ്ടി 232 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നത്.
ക്യാമറ വാങ്ങാനുള്ള ടെന്‍ഡര്‍ രേഖകള്‍ പ്രകാരം സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള ഒറിജിനല്‍ എക്യുപ്‌മെന്റ് നിര്‍മാതാവിനോ വെന്‍ഡര്‍ക്കോ മാത്രമേ പങ്കെടുക്കാന്‍ കഴിയൂ. എന്നാല്‍ അംഗീകരിക്കപ്പെട്ട വെന്‍ഡര്‍ അല്ലാത്ത സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത എസ്ആര്‍ഐടി എന്ന സ്ഥാപനം, അവരുമായി ചേര്‍ന്നു നില്‍ക്കുന്ന അശോക ബില്‍കോണ്‍, അക്ഷര എന്നീ കമ്പനികളുമായി ചേര്‍ന്ന് കാര്‍ട്ടല്‍ രൂപീകരിച്ച് ടെന്‍ഡര്‍ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി കരാര്‍ നേടിയെടുത്തു.