Spread the love
അനുമതിയില്ലാതെ റോഡ് ഷോ; 50 ഓളം വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ് എടുത്തു

ചെർപ്പുളശ്ശേരി: സ്വകാര്യ കോളേജിൽ ബിരുദപഠനത്തിന് ചേർന്ന വിദ്യാർഥികളെ വരവേൽക്കുന്നതിന്റെ ഭാഗമായി അനുമതിയില്ലാതെ റോഡ് ഷോ നടത്തുകയും സംഘർഷമുണ്ടാക്കുകയും ഗതാഗതതടസ്സമുണ്ടാക്കുകയും ചെയ്തതിന്‌ അമ്പതോളം ബിരുദ വിദ്യാർഥികൾക്കെതിരേ പോലീസ് കേസ്. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന 30 ബൈക്കുകളും മൂന്ന്‌ ജീപ്പുകളും രണ്ട്‌ കാറുകളും ചെർപ്പുളശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് റോഡിൽ വ്യാഴാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം.

വിദ്യാർഥികൾ മുൻകൂർ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഹെൽമെറ്റും മാസ്‌കും ധരിക്കാതെയും ബൈക്കിൽ മൂന്നുപേരെ വീതം കയറ്റിയും വണ്ടി അമിതവേഗം ഓടിച്ചുമാണ് ഷോ സംഘടിപ്പിച്ചത്. ഗതാഗതം തടസ്സപ്പെടുന്നെന്ന വിവരം ലഭിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. കോളേജിലേക്കുള്ള വീതികുറവായ റോഡിൽ അമിതവേഗത്തിൽ ബൈക്കുകൾ നിരന്തരം ഓടിക്കുന്നുണ്ടെന്നും ഇത് അപകടങ്ങളുണ്ടാക്കുന്നുണ്ടെന്നും പോലീസിൽ പരാതി ലഭിച്ചിരുന്നു.

കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ചിരിക്കയാണ്. വിഷയത്തിൽ കേസെടുത്തതായും തുടർനടപടികൾ കോടതി മുഖേന സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Leave a Reply