നെടുമ്പാശേരി ∙ വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള റോഡിൽ കൃഷിയും ചെടിത്തോട്ടവും നിർമിച്ചിരിക്കുന്നതിനാൽ വാഹന യാത്രക്കാർ കഷ്ടപ്പെടുന്നതായി പരാതി. പാറക്കടവ് പഞ്ചായത്തിലെ മാമ്പ്ര ഇടതുകര കനാൽ ബണ്ട് റോഡിലാണ് റോഡിന്റെ ഇരുവശവും വിവിധയിനം കൃഷികളും ചെടിത്തോട്ടവും ഉണ്ടാക്കിയിരിക്കുന്നത്.കൃഷിയും ചെടിത്തോട്ടവുമായതിനാൽ റോഡിൽ മാലിന്യമില്ലെന്ന ഗുണമുണ്ട്.
എന്നാൽ തീരെ വീതി കുറഞ്ഞ റോഡായതിനാൽ 2 വാഹനങ്ങൾ ഒന്നിച്ചെത്തിയാൽ സ്ഥലമില്ലെന്ന പ്രശ്നമാണ് വാഹന യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. റോഡിൽ ഏതാണ്ട് എല്ലായിടത്തും ഇരു വശവും കൃഷിയോ പൂന്തോട്ടമോ ഉണ്ടാക്കിയിട്ടുണ്ട്.പല പ്രാവശ്യം ഇത് റോഡ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി എങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് വാഹന ഉടമകൾ അറിയിച്ചു. വിവിധ സ്കൂളുകളുടെ ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. പലപ്പോഴും ബസുകൾ സ്കൂളിലെത്താൻ വരെ ഇതു കാരണം വൈകാറുണ്ടെന്ന് വാഹന ഉടമകൾ പറയുന്നു.