Spread the love
പാതയോരത്തെ കൊടികൾ: ഡിസം. 12നകം സമിതികൾ രൂപീകരിക്കാൻ അന്ത്യശാസനം

കൊച്ചി: പാതയോരത്തെ അനധികൃത കൊടികളും ബാനറുകളും ബോർഡുകളും നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പ്രാഥമിക, ജില്ലാതല സമിതികൾക്ക് രൂപംനൽകി ഡിസംബർ 12നകം സർക്കാർ ഉത്തരവിറക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം. ഇതിനകം അനധികൃത കൊടികളും ബാനറുകളും നീക്കം ചെയ്‌തതു സംബന്ധിച്ച് എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്ന് റിപ്പോർട്ടുകൾ ലഭ്യമാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.

അനധികൃത ബോർഡുകളും ബാനറുകളും പൊതുവഴികളിൽ സ്ഥാപിക്കുന്നതിനെതിരെയുള്ള ഒരു കൂട്ടം ഹർജികളിലാണ് ഉത്തരവ്. ഹർജികൾ ഡിസംബർ 12ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരമുള്ള സമിതികൾക്ക് രൂപം നൽകുന്നുണ്ടെന്നും ഇതു സംബന്ധിച്ച ഉത്തരവുകൾ ആറാഴ്‌ചയ്ക്കകം നൽകുമെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡി. അഡ്വക്കേറ്റ് ജനറൽ ഇന്നലെ അറിയിച്ചു. ഉത്തരവുകൾ പലതും നിലവിലുണ്ടെങ്കിലും ബോർഡുകളുടെയും ബാനറുകളുടെയും എണ്ണത്തിൽ കുറവൊന്നുമില്ലെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി വിശദീകരിച്ചു.

കോടതിയുടെ ക്ഷമ കുറഞ്ഞു വരികയാണ്. മറ്റു ശക്തികൾ സംരക്ഷിക്കുമെന്ന ധാരണയിൽ കോടതിയുടെ ഉത്തരവുകൾ നടപ്പാക്കാതിരിക്കുന്നവർ സ്വന്തം തൊഴിൽ വച്ചാണ് കളിക്കുന്നതെന്ന് മനസിലാക്കണമെന്നും കോടതി പറഞ്ഞു.

Leave a Reply