കൊല്ലം : റോഡരികിൽ നിന്ന ഗൃഹനാഥനെ ആക്രമിച്ചു പണം തട്ടി കടന്നു കളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി. ചവറ തെക്കുംഭാഗം സ്വദേശി വിഷ്ണു (32) ആണു ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കാവനാട് ആൽത്തറമൂട് ജംക്‌ഷനു സമീപമാണു സംഭവം.
കാവനാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രണ്ടാംകുറ്റി സ്വദേശി ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനായി മകനെ കാത്തു റോഡ് അരികിൽ നിൽക്കുമ്പോഴാണു സംഭവം. റോഡിനു വശത്തു കൂടി നടന്നു വന്ന പ്രതി യാതൊരു പ്രകോപനവും ഇല്ലാതെ ഇദ്ദേഹത്തെ ആക്രമിക്കുകയും പോക്കറ്റിൽ ഉണ്ടായിരുന്ന 17,000 രൂപ മോഷ്ടിച്ചു കടക്കുകയും ആയിരുന്നു.
സംഭവം കഴിഞ്ഞു കുറച്ചു സമയത്തിനുള്ളിൽ ഇതുവഴി വന്ന പൊലീസ് വാഹനം കൈ കാട്ടി നിർത്തി ആക്രമിക്കപ്പട്ട വിവരം പറഞ്ഞു. പരുക്കേറ്റ ഗൃഹനാഥന് അടിയന്തര വൈദ്യ സഹായത്തിനുള്ള നടപടി സ്വീകരിച്ച ശേഷം പൊലീസ് ഇവർ നൽകിയ വിവരങ്ങൾ പ്രകാരം തിരച്ചിൽ ആരംഭിച്ചു.