Spread the love

ബെംഗളൂരു∙ കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല. മറ്റൊരു ജാതിയില്‍പെട്ട യുവാവിനെ പ്രണയിച്ച ഇരുപതുകാരിയായ മകളെ പിതാവ് കഴുത്തുഞെരിച്ചു കൊന്നു. വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ കാമുകന്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി.

കെജിഎഫിലെ ബംഗാര്‍പേട്ടില്‍ താമസിക്കുന്ന കൃഷ്ണമൂര്‍ത്തിയാണ് മകളായ കീര്‍ത്തിയെ കൊന്നത്. ഇരുപത്തിനാലുകാരനായ ഗംഗാധര്‍ എന്നയാളുമായുള്ള കീര്‍ത്തിയുടെ അടുപ്പത്തെച്ചൊല്ലി കൃഷ്ണമൂര്‍ത്തി മകളുമായി നിരന്തരം വഴക്കടിച്ചിരുന്നു.

ഗംഗാധറുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം രാവിലെ കൃഷ്ണമൂര്‍ത്തി മകളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. ഇതിനിടെ കൃഷ്ണമൂര്‍ത്തി മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ കീര്‍ത്തിയുടെ മൃതദേഹം വീട്ടിലെ ഫാനില്‍ കെട്ടിത്തൂക്കി.

വിവരം അറിഞ്ഞെത്തിയ പൊലീസിനു സംശയം തോന്നിയതിനെ തുടര്‍ന്ന് കൃഷ്ണമൂര്‍ത്തിയെ ചോദ്യം ചെയ്‌തോടെയാണ് ക്രൂരത പുറത്തുവന്നത്. കീര്‍ത്തി മരിച്ച വിവരം അറിഞ്ഞ കാമുകന്‍ ഗംഗാധര്‍ സമീപത്തുള്ള റെയില്‍വേ ട്രാക്കിലെത്തി ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കുകയായിരുന്നു. കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്തതായി കെജിഎഫ് എസ്പി കെ.ധര്‍ണീദേവി അറിയിച്ചു.

Leave a Reply