Spread the love

വിയറ്റ്നാം കോളനിയെന്ന സിനിമയിലൂടെ മലയാളക്കരയെ വിറപ്പിച്ച വില്ലൻ കഥാപാത്രം റാവുത്തർ അഭിനയിച്ചു ഗംഭീരമാക്കിയ തെലുങ്കു താരം വിജയ രംഗരാജു ഇന്നലെയാണ് അന്തരിച്ചത്. കാഴ്ചയ്ക്കും അഭിനയത്തിലുമെല്ലാം പേടിയും ഗൗരവവും തോന്നുമെങ്കിലും കഥാപാത്രങ്ങൾക്കപ്പുറത്ത് വിജയ രംഗരാജു വളരെ സാധുവായ മനുഷ്യനായിരുന്നു എന്നോർക്കുകയാണ് സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന വിയറ്റ്നാം കോളനിയുടെ അണിയറക്കാർ.

ഇന്ന് പ്രൊഡക്‌ഷൻ കൺട്രോളറായ എ. കബീർ ആയിരുന്നു 40 ദിവസത്തോളം ചിത്രീകരണം നീണ്ടു നിന്ന വിയറ്റ്നാം കോളനിയുടെ അന്നത്തെ പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്‌. ആലപ്പുഴ ഗുജറാത്തി സ്ട്രീറ്റിനോടു ചേർന്നുള്ള ഒരേക്കറോളം വരുന്ന സ്ഥലത്തായിരുന്നു ചിത്രീകരണം.

ആറരയടിയോളം ഉയരവും അതിനൊത്ത വണ്ണവുമൊക്കയുള്ളയാളായിരുന്നു ശാന്തനും സാധുവുമായിരുന്ന വിജയ രംഗരാജു. ചിത്രീകരണത്തിനായി അദ്ദേഹം അംബാസഡർ കാറിൽ വന്നിറങ്ങുമ്പോൾ പലരും ഭയപ്പെട്ട് മാറുമായിരുന്നു. എന്നാൽ, അവിടെയെത്തിയവരുമായി അദ്ദേഹം വളരെവേഗം സൗഹൃദത്തിലായി.

ചെന്നൈയിൽ ഫാസിലിന്റെ വീട്ടിൽവെച്ചാണ് സിദ്ദിക്കും ലാലും വിജയ രംഗരാജുവിനെ ആദ്യം കാണുന്നത്. നടൻ സുകുമാരന്റെ വീട്ടിൽ ഫാസിലന്ന് വാടകയ്ക്കു താമസിക്കുകയായിരുന്നു. അന്ന് അവിടെക്കണ്ട ആ ‘ഭീമാകാര’നെ സിദ്ദിക്കും ലാലും മനസ്സിൽ കുറിച്ചിട്ടു. തങ്ങളുടെ സിനിമയിലെ വില്ലനാക്കാൻ.

സിദ്ദീഖ്-ലാൽ സംവിധാനത്തിൽ മോഹൻലാൽ നായകനായ ആദ്യ ചിത്രമായിരുന്നു വിയറ്റ്നാം കോളനി. 1992-ൽ പുറത്തിറങ്ങിയ സിനിമ ആ വർഷം ഏറ്റവുമധികം കളക്‌ഷൻ നേടിയ ചിത്രവുമായി. ചിത്രം ഹിറ്റായതിനൊപ്പം ചിത്രത്തിലെ വില്ലനും മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചു. നടൻ എൻ.എഫ്. വർഗീസാണ്‌ റാവുത്തർക്ക് ശബ്ദംനൽകിയത്.

Leave a Reply