റെക്കോര്‍ഡ് കളക്ഷന്‍ കൊണ്ടും ഉള്ളടക്കം സംബന്ധിച്ച് ഉയര്‍ന്ന വിവാദം കൊണ്ടും വാര്‍ത്താപ്രാധാന്യം നേടിയ എമ്പുരാന്‍ സിനിമയ്ക്കെതിരെ വീണ്ടും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. 24 കട്ടുകള്‍ സംഭവിച്ച റീ എഡിറ്റിന് ശേഷവും ചിത്രം ദേശവിരുദ്ധവും ഹിന്ദു- ക്രിസ്ത്യന്‍ വിരുദ്ധവുമായി തുടരുകയാണെന്നാണ് ഓര്‍ഗനൈസറിന്‍റെ വെബ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നു. മാധ്യമം ആദ്യം പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളില്‍ പൃഥ്വിരാജിനെയാണ് ഉന്നം വച്ചിരുന്നതെങ്കില്‍ പുതിയ ലേഖനത്തില്‍ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് മുരളി ഗോപിയെയും കടന്നാക്രമിച്ചിട്ടുണ്ട്.
മുരളി ഗോപി അരാജകത്വം പടർത്തുന്നു എന്നാണ് ലേഖനത്തിലെ ആരോപണം. രാജ്യത്തെ ഭരണകൂടത്തെയും നിയമസംഹിതകളെയും വെല്ലുവിളിക്കുന്ന വ്യക്തിയാണ് മുരളി ഗോപി. കേരള യുവത്വം മയക്കുമരുന്നിന്റെയും അരാജക സിനിമകളുടെയും പിടിയിലാണെന്നും മുരളി ഗോപി- പൃഥ്വിരാജ് കൂട്ടുകെട്ടിനെക്കുറിച്ച് അന്വേഷണം വേണമെന്നും ലേഖകന്‍ ആവശ്യപ്പെടുന്നു. ദേശവിരുദ്ധതയ്ക്ക് വിലകൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ലേഖനത്തില്‍ ഉണ്ട്. യുവ എഴുത്തുകാരനും ആർഎസ്എസ് ചിന്തകനുമായ വിഷ്ണു അരവിന്ദിൻ്റേയാണ് ലേഖനം.
ചിത്രത്തിലേത് ക്രിസ്ത്യന്‍ വിരുദ്ധ ആശയങ്ങള്‍ ആണെന്നാണ് ഓര്‍ഗനൈസര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ആരോപിച്ചിരുന്നു. സിനിമയിലെ സീനുകൾ ചിത്രീകരിച്ച സ്ഥലങ്ങളുടെ തെരഞ്ഞെടുപ്പിൽ പോലും ദുരൂഹതയുണ്ടെന്നും ഇത്തരം വിമർശനങ്ങൾ ഇസ്ലാമിനെതിരെ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നുവെന്ന് ചിന്തിക്കണമെന്നുമാണ് ലേഖകന്‍ പറയുന്നത്. ക്രിസ്തുമതത്തിനെതിരായതുകൊണ്ട് ആരും പ്രതികരിക്കുന്നില്ലെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.
അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് വലിയ കളക്ഷനാണ് ചിത്രം നേടുന്നത്. ആദ്യ അഞ്ച് ദിവസം കൊണ്ടുതന്നെ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും വലിയ കളക്ഷനിലേക്കാണ് മോഹന്‍ലാല്‍ നായകനായ ചിത്രത്തിന്‍റെ കുതിപ്പ്. ലൂസിഫര്‍ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം എന്തായാലും ഉണ്ടാവുമെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.