
പാലക്കാട്ട് കൊല്ലപ്പെട്ട സുബൈറിനോട് ആര്‍എസ്എസിന് ശത്രുതയെന്ന് പിതാവിന്റെ മൊഴി. തെളിവുകിട്ടാതെ രാഷ്ട്രീയകൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് പാലക്കാട് എസ്പി. കൊലയാളിസംഘം ഉപയോഗിച്ചത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ള കാർ. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 5 സിഐമാരടങ്ങിയ സംഘം അന്വേഷിക്കും.
പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവർത്തകനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. എലപ്പുള്ളി പാറ സ്വദേശിയും എസ്ഡിപിഐ പ്രാദേശിക ഭാരവാഹിയുമായ സുബൈറിനെയാണ് രണ്ട് കാറുകളിലായെത്തിയ സംഘം ബൈക്ക് ഇടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയത്. ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്ഡിപിഐ നേതൃത്വം ആരോപിച്ചു. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ടവര്‍ ഉപേക്ഷിച്ച KL 11 AR 641 എന്ന വാഹനം നാല് മാസം മുന്‍പ് കൊല്ലപ്പെട്ട എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പൊലീസ് അറിയിച്ചു.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം. പിതാവിനൊപ്പം പള്ളിയിലെത്തി ബൈക്കില്‍ മടങ്ങുകയായിരുന്ന സുബൈറിനെ വീടെത്തുന്നതിന് മീറ്ററുകൾ മാത്രം വ്യത്യാസത്തിലാണ് കാറിലെത്തിയ സംഘം ഇടിച്ച് വീഴ്ത്തിയത്. ആദ്യത്തെ കാറിലുണ്ടായിരുന്നവര്‍ സുബൈറും പിതാവ് അബൂബക്കറും വീണതിന് പിന്നാലെ മുന്നോട്ട് നീങ്ങി. രണ്ടാമത്തെ കാറില്‍ നിന്നിറങ്ങിയ നാലംഗ സംഘമാണ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ കൊലയാളികൾ ആദ്യത്തെ കാറിൽ രക്ഷപ്പെടുകയായിരുന്നു. കാർ പഞ്ചറായതിനാൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നിഗമനം. സഞ്ജിത്തിന്റെ കൊലപാതകത്തിന് പകരം വീട്ടുകയായിരുന്നു ആർഎസ്എസിന്റെ ലക്ഷ്യമെന്ന് എസ്ഡിപിഐ നേതൃത്വം.
നാട്ടുകാര്‍ ചേര്‍ന്ന് സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിൽസയിലുള്ള പിതാവ് അബൂബക്കറിന്റെ പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥിന്റെ നേതൃത്വത്തിൽ കൊലപാതകമുണ്ടായ സ്ഥലത്തെത്തി തെളിവെടുത്തു. കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നഗരത്തിന്റെ വിവിധയിടങ്ങളില്‍ എസ്ഡിപിഐ നേതൃത്വം പ്രകടനം നടത്തി.