പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അക്രമി സംഘം മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസൻ നിന്ന കടയ്ക്കുള്ളിലേക്ക് വരുന്നതും, കൃത്യം നടത്തിയ ശേഷം മടങ്ങിപ്പോകുന്നതും ദൃശ്യത്തിൽ കാണാം.
പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുൻപാണ് നാടിനെ നടുക്കി വീണ്ടും അരുംകൊല നടന്നത്. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ സംഘം ശ്രീനിവാസനെ കടയിൽ കയറി വെട്ടുകയായിരുന്നു. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് ബിജെപി ആരോപിച്ചു.
ഇന്നുച്ചയ്ക്ക് ഒരു മണിയോടെ രണ്ട് ബൈക്കുകളിലും ഒരു സ്‌കൂട്ടറിലുമായി എത്തിയ അക്രമിസംഘം, ശ്രീനിവാസന്റെ എസ്‌കെഎസ് ഓട്ടോഴ്‌സ് എന്ന കടയിൽ കയറി ആക്രമിക്കുകയായിരുന്നു.ഗുരുതര പരിക്കുകളോടെ പ്രദേശവാസികളാണ് ശ്രീനിവാസനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.നേരെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.